ശബരിമല: പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള തീർത്ഥാടന പാതയിലെ ചരൽമേട്ടിൽ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് തീർത്ഥാടകരെ തടഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെ പെയ്ത മഴയ്ക്ക് പിന്നാലെയാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായയത്. ഇതേ തുടർന്ന് മല കയറുകയും ഇറങ്ങുകയും ചെയ്ത തീർത്ഥാടകരെ ഒന്നര മണിക്കൂറോളം തടഞ്ഞുനിറുത്തുകായിരുന്നു. ഈ പാതയിൽ സുരക്ഷിതമായി കയറി നിൽക്കാൻ സൗകര്യം ഇല്ലാതിരുന്നതിനാൽ മഴ നനഞ്ഞാണ് ഇത്രയും നേരം തീർത്ഥാടകർ ചരൽമേടിന് മുകളിലും താഴെയുമായി കാത്തു നിന്നത്. വെള്ളത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് സേനകളുടെ സഹായത്തോടെ പൊലീസ് തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നിലയ്ക്കലിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴിന് ശേഷം തീർത്ഥാടകർക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.