bridge-
പാലത്തിൻറെ ഒരു ഭാഗത്തെ അടിത്തറ ഒലിച്ചു പോയ അവസ്ഥയിൽ

റാന്നി : അത്തിക്കയം - കടുമീൻചിറ റോഡിൽ തോടിന് കുറുകെയുള്ള കൊച്ചുപാലത്തിന്റെ അടിത്തറ ഇളകി. 40വർഷം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികളും ഇളകിത്തുടങ്ങി. സംരക്ഷണ ഭിത്തിയുടെ കെട്ടിനും ബലക്കുറവുണ്ട്. അത്തിക്കയം ടൗണിൽ നിന്നും നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, രണ്ടു പ്രധാന സ്കൂളുകൾ ,കടുമീൻചിറ ശിവ ക്ഷേത്രം. എസ്.എൻ. ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ പാലത്തിനാണ് ഈ ദുരവസ്ഥ. അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള റോഡ് പൂർണമായും പൊളിഞ്ഞു കിടക്കാൻ തുടങ്ങിയത് കാലങ്ങളായി. റോഡ് ടെൻഡർ നടപടികൾ വരെ എത്തി നിൽക്കുകയാണ്. ടൗണിനെ കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ബലക്ഷയം പോലുള്ളവ സംഭവിച്ചാൽ ഇവിടെ താമസിക്കുന്ന ആളുകൾ കിലോമീറ്ററുകളോളം സഞ്ചരിച്ചു വേണം വീടുകളിൽ എത്താൻ. പമ്പാ നദിയോട് ചേർന്നുള്ള റോഡും, പാലവും മഹാ പ്രളയത്തിൽ ഏതാണ്ട് പൂർണമായും മുങ്ങിയിരുന്നു. രണ്ടു മാസത്തിന് മുമ്പ് ഉണ്ടായ വെള്ളപ്പൊക്കത്തിനും പാലം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ചെമ്പന്മുടി മലയിൽ നിന്നും കുത്തിയെടുത്തുവരുന്ന മലവെള്ളം പലപ്പോഴും തോടിനും പാലത്തിനും ഇരു കരകളിൽ താമസിക്കുന്ന ജനങ്ങൾക്കും ഭീഷണിയാണ്. തോടിന്റെ ഇരുകരകളിലും വളർന്നു നിൽക്കുന്ന മരങ്ങളുടെ ചില്ലകളും, മുളം ചില്ലകളും ഒടിഞ്ഞു വീണു. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്ന കാഴ്ചയും കാണാം.

..........................

പരാതി നൽകിയിട്ടും ഫലമില്ല

പലതവണ പാലത്തിന്റെ ശോചനീയാവസ്ഥ മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ മുമ്പാകെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പാലത്തിൻറെ ഒരുവശം മുഴുവൻ പഞ്ചായത്തിന്റെ ഉൾപ്പടെ മാലിന്യങ്ങൾ തള്ളാനായി ഉപയോഗിക്കുന്നത് പുഴയിലേക്ക് മാലിന്യങ്ങൾ വീഴാൻ ഇടയാക്കുന്നുണ്ട്.

.....................

പാലത്തിന്റെ കൈവരികൾ ഉൾപ്പടെ ചുറ്റുപാടുകൾ കാടുമൂടി കിടക്കുന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാൻ കഴിയില്ല. അധികൃതർ ഇടപെട്ട് എത്രയും വേഗം പാലത്തിന്റെ ചുറ്റും വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിച്ച ശേഷം പാലത്തിന് സംഭവിച്ച കേടുപാടുകൾ വിലയിരുത്തി നന്നാക്കാനുള്ള നടപടി സ്വീകരിക്കണം

(നാട്ടുകാർ)

- സംരക്ഷണ ഭിത്തിയുടെ കെട്ടിനും ബലക്കുറവ്

- 40 വർഷത്തെ പഴക്കം