 
കോന്നി: 1940 കളിൽ ഉത്സവ പറമ്പുകളെ കോൾമയിർ കൊള്ളിച്ച കഥാകാരിയായിരുന്നു ഇന്നലെ അന്തരിച്ച മലയാലപ്പുഴ സൗദാമിനിയമ്മ. മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കലാരംഗത്തെത്തി പ്രശോഭിച്ച ആറന്മുള പൊന്നമ്മ, തങ്കം വാസുദേവൻ നായർ , ഓമല്ലൂർ ചെല്ലമ്മ, അടൂർ ഭവാനി, അടൂർ പങ്കജം ,കവിയൂർ പൊന്നമ്മ എന്നിവർക്കൊപ്പം ചേർക്കേണ്ട പേരാണ് മലയാലപ്പുഴ സൗദാമിനിയുടേത്. തിക്കുറിശിയുടെ സ്ത്രീ, മായ എന്നീ പ്രശസ്ത നാടകങ്ങളിൽ സൗദാമിനി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അഭിനയ വഴി ഉപേക്ഷിച്ച് കഥാപ്രസംഗത്തെ സ്വീകരിക്കുകയായിരുന്നു. മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായി 1921 ലാണ് സൗദാമിനിയമ്മ ജനിച്ചത് . പന്ത്രണ്ടാം വയസിൽ സംഗീത പഠനം ആരംഭിച്ചു. അടൂർ കേശവപിള്ളയുടെ കീഴിൽ ശാസ്ത്രീയ സംഗീതവും തിരുവല്ല കെ..ജി.കേശവപ്പണിക്കരുടെ ശിക്ഷണത്തിൽ ഹാർമ്മോണിയവും പഠിച്ചു. തുടർന്ന് നിരവധി സംഗീതക്കച്ചേരികൾ അവതരിപ്പിച്ച സൗദാമിനിയമ്മ പ്രൊഫ: എം..പി.മന്മഥന്റെ കഥാപ്രസംഗ ട്രൂപ്പിൽ ഹാർമോണിയം വായിക്കാനായി ചേർന്നു. അവിടെ നിന്ന് കെ.കെ.വാധ്യാരുടെ സംഘത്തിലെത്തി. അധികം താമസിയാതെ കഥാപ്രസംഗ കലയിലെ ആദ്യകാല കുലപതിയായായിരുന്ന വാധ്യാരുടെ ജീവിത സഖിയായി. 1975 ൽ വാധ്യാരുടെ മരണംവരെ ഇരുവരും കലാവേദികളിൽ നിറഞ്ഞുനിന്നു. ഈ ദമ്പതികൾക്ക് മക്കളില്ലായിരുന്നു .വാധ്യാരുടെ മരണശേഷവും കുറെ വർഷങ്ങൾ സൗദാമിനിയമ്മ തനിച്ച് കരുണയും രമണനുമൊക്കെ അവതരിപ്പിച്ചു. പിന്നീട് അരങ്ങുവിട്ടു. മലയാലപ്പുഴ കാഞ്ഞിരപ്പാറയിൽ സഹോദരിയുടെ മകന്റെ കുടുംബത്തോടൊപ്പം വിശ്രമജീവിതം ജീവിതം നയിച്ചുവരികയായിരുന്നു . കുറേക്കാലം പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം മറന്ന് നാട്ടിലെ കുട്ടികളെ പാട്ടു പഠിപ്പിക്കുമായിരുന്നു. പാട്ടമ്മ എന്നു പറഞ്ഞാലേ നാട്ടിലെ പുതിയ തലമുറയ്ക്ക് സൗദാമിനിയമ്മയെ അറിയുമായിരുന്നുള്ളു.ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചതും ജന്മനാടായ മലയാലപ്പുഴയിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സിംഗപ്പുർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഭർത്താവ് കെ. കെ.വാധ്യാരോടൊപ്പം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം നൂറാം ജന്മ ദിനം മലയാലപ്പുഴയിലെ വസതിയിൽ വച്ച് ആഘോഷിച്ചിരുന്നു.