 
ചെങ്ങന്നൂർ : വെണ്മണി പഞ്ചായത്തിൽ തുടരെയുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിനായി അച്ചൻകോവിലാറിന്റെ പാർശ്വഭിത്തി ബലപ്പെടുത്തിയും ആഴം കൂട്ടിയും നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കനത്ത മഴ മൂലം അച്ചൻകോവിലാർ കര കവിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രണ്ടു തവണ വെണ്മണിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയവും തീരമിടിച്ചിലും ആശങ്കയോടെ തീരവാസികൾ എന്ന തലക്കെട്ടിൽ കഴിഞ്ഞ 3ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ദുർബല നദീതീരങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തണമെന്നും നിയന്ത്രിത തോതിൽ നദിയിലെ മണൽ നീക്കം ചെയ്യണമെന്നതുമുൾപ്പടെ അടിക്കടി ഉണ്ടാകുന്ന പ്രളയത്തെ ചെറുക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകളും നിർദ്ദേശിച്ചിരുന്നു. ഇതിന്റേ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര നടപടി. നീരൊഴുക്കു തടസപ്പെടുന്ന തോടുകൾ, നീർച്ചാലുകൾ എന്നിവയുടെ ആഴം വർദ്ധിപ്പിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും. ശാർങ്ങക്കാവ് ഷട്ടറിന്റെ ബലക്ഷയം പരിഹരിക്കും. തോടുകളിലൂടെ സുഗമമായി വെള്ളം ഒഴുകുന്നതിന് ജനകീയ ഇടപെടൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള ശ്രീകുമാർ, ഷേർളി സാജൻ, പി.എം കോശി, പി.സി അജിത, നെൽസൺ ജോയി, എ.കെ ശ്രീനിവാസൻ, സണ്ണി കുറ്റിക്കാട്ട്, സുരേന്ദ്ര ശർമ്മ, പഞ്ചായത്ത് സെക്രട്ടറി സ്‌നേഹജ ഗ്ലോറി എന്നിവർ സംസാരിച്ചു.