 
കോന്നി: വനമേഖലയിലെ ശക്തമായ മഴയെ തുടർന്ന് കൊക്കാത്തോട്ടിലും മണ്ണീറയിലും മഴവെള്ളപ്പാച്ചിൽ .ഞായറാഴ്ച്ച രാത്രിയിൽ പെയ്ത മഴയിൽ കൊക്കാത്തോട് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. നീരമക്കുളം, അപ്പുപ്പൻതോട്, കോട്ടംപാറ, നെല്ലിക്കപാറ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെ മുണ്ടപ്ലാവ് ജംഗ്ഷനിലെ വീടുകളിലേക്കും വള്ളം കയറി. അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ മലചരുവിലെ പ്രദേശങ്ങളിൽ വെള്ളം കുത്തിയൊലിച്ചു മണ്ണും കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനെ തുടർന്നും എസ്. എൻ. ഡി.പി ജംഗ്ഷൻ കോട്ടാംപാറ റോഡിൽ ഗതാഗതം തടസപ്പെട്ടു. മുണ്ടപ്ലാവ്, വേലംപറമ്പിൽ ഗ്രേസി, കൊച്ചുകാലയിൽ സജി എന്നിവരുടെ വീടുകളിലേക്ക് മണ്ണും, കല്ലുകളും ഒലിച്ചിറങ്ങിയതോടെ വീട്ടുകാരെ രാത്രി കൊക്കാത്തോട് കമ്മ്യുണിറ്റി ഹാളിലേക്ക് മാറ്റി പ്പാർപ്പിച്ചതായി വാർഡ് മെമ്പർ ജോജു വറുഗീസ് പറഞ്ഞു. റോഡിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയതിനാൽ കോന്നി കൊക്കാത്തോട് കെ.എസ്. ആർ. ടി.സി ബസ് ഇന്നലെ സർവീസ് നടത്തിയില്ല. എസ്, എൻ. ഡി. പി ജംഗ്ഷൻ -കോട്ടംപാറ റോഡിലെ ചപ്പാത്തുകളിൽ മണ്ണും കല്ലുകളും നിറഞ്ഞുകിടക്കുകയാണ് കൊക്കാത്തോട് തോട്ടിലും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.ഇന്നലെ വൈകിട്ട് 4 ന് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ തോട്ടിലും .ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. പലരും തോട്ടിൽ കുളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തോട്ടിൽ ശക്തമായ ഒഴുക്കുണ്ടായത്. തലമാനം ഭാഗത്തെ വനമേഖലയിൽ നിന്ന് രണ്ടായെത്തുന്ന തോട് മണ്ണീറ വെള്ളച്ചാട്ടത്തിനു മുകളിൽ വച്ചാണ് ഒന്നായി മാറുന്നത്. വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ഇതിനെ തുടർന്നാണ് കൊക്കാത്തോട്ടിലും മണ്ണിറയിലും ശക്തമായ മഴവെള്ള പാച്ചിൽ ഉണ്ടായത്.