പത്തനംതിട്ട: ശബരിമല കാനനപാത ഭക്തർക്ക് ഉടൻ തുറന്നുകാടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാനന പാത സ്ഥിരമായി അടച്ചിട്ടാൽ ഉപയോഗശൂന്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പേരൂർതോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാളകെട്ടി, അഴുത വഴിയുള്ള പാതയിലൂടെ സഞ്ചരിച്ച് ദർശനം നടത്താൻ ആഗ്രഹിക്കുന്ന ധാരാളം ഭക്തരുണ്ട്. ധനു ഒന്നിന് മുമ്പായി തുറക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ നിന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേത്യത്വത്തിൽ കാനന പാത വഴി യാത്ര ചെയ്യും. പമ്പാ സ്നാനം നടത്തി ബലി തർപ്പണം ചെയ്ത് ദർശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. പമ്പയിൽ നിന്ന് ശബരിമല വരെയുള്ള പാതയിൽ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകണം. ദർശനത്തിന് എത്തുന്ന ഭക്തർക്ക് വിരിവച്ച് രാത്രി വിശ്രമിക്കാനും അവസരം ഒരുക്കണം.നിലയ്ക്കലിൽനിന്ന് പമ്പ വരെ കെ. എസ്. ആർ. ടി ബസിൽ തീർത്ഥാടകർക്ക് സൗജന്യ യാത്ര അനുവദിക്കണം. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ്, വിഭാഗ് സെക്രട്ടറി പി. ആർ. രാധാക്യഷ്ണൻ, കെ. രാജേന്ദ്രൻ,.അനിൽ പി. നായർ, സുധാകരൻ മാരൂർ , അരുൺ ശർമ്മ എന്നിവരും പങ്കെടുത്തു.