ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷൻ നടത്തുന്ന സാമൂഹികസാമ്പത്തിക സർവേയ്ക്കായി കുടുംബശ്രീ തിരഞ്ഞെടുത്ത സി.ഡി.എസ് തല എന്യുമറേറ്റർമാർക്കായി പരിശീലന പരിപാടി നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപന വാർഡുകളിലും സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുക.വാർഡ് അംഗം, കുടുംബശ്രീ സിഡി.എസ് അംഗം, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട സമിതി കുടുംബങ്ങളെ കണ്ടെത്തും. അഞ്ച് വാർഡിന് ഒരാൾ എന്ന കണക്കിലാണ് എന്യുമറേറ്റർമാരെ നിയോഗിക്കുക. കമ്മീഷൻ തയാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സർവേ ഡിസംബർ എട്ടിന് ആരംഭിച്ച് 15ന് പൂർത്തീകരിക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ കമ്മീഷൻ അംഗം അഡ്വ.എം. മനോഹരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വി. സേവ്യർ, ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ രവി എന്നിവർ പങ്കെടുത്തു.