കോന്നി: തണ്ണിത്തോട് മൂഴി തേക്കുതോട് പ്ലാന്റേഷൻ റോഡ് പണികൾ 13ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തേക്കുതോട് ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തണ്ണിത്തോട് മൂഴിയിൽ നിന്നും തുടങ്ങി പ്ലാന്റേഷനിലൂടെ തേക്കുതോട് ജംഗ്ഷനിലെത്തുന്ന റോഡാണിത്. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളും പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിലെ തൊഴിലാളികളും ദിവസവും ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. കാനന ക്ഷേത്രമായ ആലുവാംകുടിയിലേക്കും ഈ റോഡിലൂടെയാണ് പോകുന്നത്. റോഡ്‌ തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണികൾ തുടങ്ങാൻ വൈകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റ് ഭാഗത്താണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നത്. കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടു‌ന്നതും പതിവാണ്. മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു റോഡിലെ നാലു കലുങ്കുകൾ പുതുക്കിപ്പണിതിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമ്മാണത്തിനായി ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിയെ നിയോഗിച്ചു കരാറും നൽകിയിരുന്നു. 15 വർഷത്തെ അറ്റകുറ്റപ്പണികൾ ഉൾപ്പെടുത്തിയാണ് ടെൻഡർ വച്ചത്. തുടർന്ന് കരാർ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ പുതിയ ഡി.പി.ആർ തയാറാക്കി ടെൻഡർ ചെയ്യുകയായിരുന്നു. 6. 76 കോടി രൂപ മുതൽ മുടക്കിലാണ് റോഡ് ആധുനീക നിലവാരത്തിൽ പുനർ നിർമിക്കുന്നത്. 5 .5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്ന റോഡിൽ ഒരു കലുങ്കും ഐറീഷ് ഓടയും ഉണ്ടാവും. പ്ലാന്റേഷൻ ഭാഗം നാല് കിലോമീറ്റർ റോഡ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. കിഴക്കൻ മലയോരമേഖലയിലെ ജനങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏകമാർഗമാണ് ഈ റോഡ്.