പത്തനംതിട്ട: ബാബറി അനുസ്മരണത്തോടനുബന്ധിച്ച് കാമ്പസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ കാമ്പയിന്റെ ഭാഗമായി ചുങ്കപ്പാറ സെന്റ് ജോർജ് സ്‌കൂൾ പരിസരത്ത് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തിനെതിരെ കേസെടുക്കുകയും ഭാരവാഹികളുടെ വീടുകളിൽ അന്യായമായി റെയ്ഡ് നടത്തുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് കാമ്പസ് ഫ്രണ്ട് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബാഡ്ജ് വിതരണം ചെയ്ത ഫോട്ടോകൾ ദുരുപയോഗം ചെയ്ത് ബി.ജെ.പി നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി ഭിന്നത ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമം. ആവശ്യപ്പെട്ട വർക്ക് മാത്രമാണ് ബാഡ്ജ് ധരിക്കാൻ നൽകിയത് . ആരെയും നിർബന്ധിച്ച് ധരിപ്പിച്ചിട്ടില്ല. സംഘപരിവാർ സംഘടനകൾ മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് അവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ, സംസ്ഥാന സമിതി അംഗം അബ്ദുൽ റാഷി, ജില്ലാ പ്രസിഡന്റ് പി .എസ്. അജ്മൽ എന്നിവർ പങ്കെടുത്തു.