photo
ശരക്കോലുകളില്ലാത്ത ശരംകുത്തി

ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന കന്നി അയ്യപ്പൻമാർ എരുമേലിയിൽ പേട്ടകെട്ടി കൊണ്ടുവരുന്ന ശരക്കോലുകൾ കുത്തിവയ്ക്കുന്ന സ്ഥലമാണ് ശരംകുത്തി. എന്നാൽ ഈ മണ്ഡലകാലത്ത് ഒരു ശരക്കോലുപോലുമില്ലാതെ ശരംകുത്തി വിജനമാണ്. ഇതുവഴി തീർത്ഥാടകരെ കയ​റ്റിവിടാത്തതാണ് ശരംകുത്തി വിജനമാകാൻ കാരണം. പരമ്പരാഗത പാതയായ നീലിമല വഴിയാണ് ശരംകുത്തിയിൽ എത്തുന്നത്.

കെട്ടുനിറയ്ക്കുന്ന സ്ഥലത്തുനിന്നും കൂടാതെ പമ്പ, എരുമേലി എന്നിവിടങ്ങളിൽ നിന്നും ശരക്കോൽ വാങ്ങി എത്തുന്ന കന്നി അയ്യപ്പൻമാർ ശരംകുത്തിയിലെത്തി നടപ്പാതയുടെ അരികിലുള്ള ആൽമരത്തിൽ ശരംകുത്തുകയും മരത്തെ വണങ്ങിയുമാണ് സന്നിധാനത്ത് എത്തി അയ്യപ്പദർശനം നടത്തുന്നത്. ശബരിമല യാത്രയിലെ ആറാമത്തെ കോട്ടയാണ് ശരംകുത്തിയെന്ന് അറിയപ്പെടുന്നത്. കാട്ടുകൊള്ളക്കാരൻ ഉദയനന്റെ മറവപ്പടയെ തോൽപ്പിച്ചെത്തിയ അയ്യപ്പനും സംഘവും കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ചതിന്റെ ഓർമ്മയ്ക്കാണ് അയ്യപ്പൻമാർ ഇവിടെ ശരക്കോൽ കുത്തുന്നത്.