08-bridge-wall
ഫോട്ടോ:

ചെങ്ങന്നൂർ: തുടർച്ചയായ മഴയിൽ സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് മുളക്കുഴ മൂന്നാം വാർഡിൽ പി.ഐ.പി കനാലിനു കുറുകെ മോടിതെക്കേതിൽ ഭാഗത്തുള്ള കനാൽ പാലം അപകടാവസ്ഥയിലായി. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം പ്രദേശത്തെ എഴുപതില്പരം കുടുബങ്ങളാണ് ഈ പാലം സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഈ ഭാഗത്തു നിന്നും കാൽനടയായി എം.സി റോഡിലേക്ക് എത്താനുള്ള എളുപ്പമാർഗമാണ് പാലം. കനാൽ പാലവും കനാലും അറ്റകുറ്റപ്പണി നടത്തിയിട്ടും വർഷങ്ങളായി. ഇതേ തുടർന്ന് കാടും പടലും മൂടി ക്ഷുദ്ര ജീവികളുടെ താവളമായും കനാൽ മാറി. മത്രമല്ല കോഴിക്കടകളിൽ നിന്നും അറവുശാലകളിൽ നിന്നും ഇറച്ചി അവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യവും രാത്രിയുടെ മറവിൽ ഈ കനാലിൽ നിക്ഷേപിക്കുന്നതും പതിവാണ്. ഇവ ചീഞ്ഞളിഞ്ഞ് പ്രദേശത്ത് വൻ ദുർഗന്ധമാണ് വമിക്കുന്നത്. മുളക്കുഴ പി.ഐ.പി കനാൽ വൃത്തിഹീനമായതിന് പിന്നാലെ പാലവും അപകടാവസ്ഥയിലായത് പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കി.

സംരക്ഷണഭിത്തി നിർമ്മിക്കണം: എഞ്ചിനീയർക്ക് കത്ത് നൽകി

ശക്തമായ മഴയിൽ തകർന്ന പി.ഐ.പി കനാലിന്റെ സംരക്ഷണഭിത്തി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർക്ക് മുളക്കുഴ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി. ജി പ്രിജിലിയ കത്ത് നൽകി. വാർഡിൽ കൂടി കടന്നു പോകുന്ന കനാലിന്റെ സംരക്ഷണഭിത്തി സമയബന്ധിതമായി പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് വികസന സമിതി കൺവീനർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്.