ചെങ്ങന്നൂർ: ഗ്രൂപ്പ് കളികൾ കോൺഗ്രസിനെ തകർത്തുവെന്ന് ചെങ്ങന്നൂർ മുൻ ബ്‌ളോക്ക് പഞ്ചായത്തംഗം ടി. കുട്ടപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേതാക്കൻമാരുടെ ചേരിതിരിവ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയുള്ളവരെ സ്ഥാനാർത്ഥികൾ ആക്കാഞ്ഞതിനാൽ പലയിടത്തും പരാജയം ഏറ്റുവാങ്ങി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പാർട്ടിയെ ശക്തിപ്പെടുത്തുവാൻ തന്റേടം ഉള്ളവരാണെന്ന് കോൺഗ്രസ്‌കാർ മാത്രമല്ല രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ നിരന്തരമായ അഭിപ്രായ വ്യത്യാസം മൂലം പ്രവർത്തകർക്കിടയിലും അഭിപ്രായം വ്യത്യാസമുണ്ടാകുന്നു. ഇത് പൊതു ജനപിൻതുണ നഷ്ടപ്പെടുത്തുന്നു. ഘടകകക്ഷികളിൽ ഭിന്നാഭിപ്രായം രൂക്ഷമാണ്. പാർട്ടിയാണ് വലുത് വ്യക്തിയും ഗ്രൂപ്പു രണ്ടാമത് എന്ന ചിന്ത വേണം. മുതിർന്ന നേതാക്കന്മാരും ചെറിയ നേതാക്കന്മാരും പ്രവർത്തകരും ഒറ്റക്കെട്ടായി പാർട്ടിയെ രക്ഷിക്കാൻ രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടപ്പൻ ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ബൂത്ത് വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ, സെക്രട്ടറി ചന്ദ്ര മോഹൻ, ബൂത്ത് അംഗം എം.സി സണ്ണി എന്നിവർപങ്കെടുത്തു.