ചെങ്ങന്നൂർ: ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിലായി നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഏഴു കടകളിൽ നിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു.ഇന്നലെ 23 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഏഴിടത്തു നിന്ന് പഴകിയ ചോറ്, ചിക്കൻ, മുട്ട, കറികൾ, പഴകിയ മാംസം എന്നിവ ഉപയോഗയോഗ്യമല്ലാത്തതും പഴകിയ നിലയിലും കണ്ടെത്തി. സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പിഴ അടക്കമുളള ശിക്ഷാ നടപടികൾ സ്വീകരിക്കും. കുറ്റം ആവർത്തിക്കപ്പെട്ടാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം 23ന് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളിൽ നിലവാരം മെച്ചപ്പെട്ടോ എന്നറിയാൻ നടത്തിയ തുടർപരിശോധനയിൽ സ്ഥിതി തൃപ്തികരമായതായി കണ്ടെത്തി. ഹോട്ടലുകളുടെ പൊതുവായ ശുചിത്വസ്ഥിതി വിലയിരുത്തി പൊതുജനങ്ങളുടെ അറിവിലേക്കായി റേറ്റിംഗ്: നൽകി പ്രസിദ്ധപ്പെടുത്തുന്നതിനുളള നിർദ്ദേശങ്ങൾ ആലോചനയിലാണ്. നഗരസഭാ സെക്രട്ടറി എസ്. നാരായണന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുജിത് സുധാകർ, അനൂപ് ജി. കൃഷ്ണൻ, ജെ.എച്ച്.ഐ.മാരായ ബി. മോഹനകുമാർ, സി. പ്രീത ചന്ദ്രൻ, കെ.എസ് ഐവി.
എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.