പത്തനംതിട്ട: കെ റെയിൽ പദ്ധതിയെപ്പറ്റി ചോദിക്കുമ്പോൾ മുഖ്യമന്ത്രിയും കെ റെയിൽ എം.ഡിയും ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ്. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. സംസ്ഥാനത്തെ പാരിസ്ഥികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയെ യു.ഡി.എഫ്. എതിർക്കും. കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞ ആറ് മാസമായി സർക്കാർ ചെയ്യുന്നത്. മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി നൽകിയതുവഴി സുപ്രീകോടതിയിലെ കേസ് ദുർബലപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി രാത്രിയുടെ മറവിൽ തമിഴ്‌നാട് വെള്ളം തുറന്നുവിടുകയാണ്. മന്ത്രിമാരാരും ഒന്നും അറിയുന്നില്ല. വനംമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഒന്നും അറിയാതായിട്ട് നാളുകളായി. സുപ്രധാന ഫയലുകളൊന്നും അവർ കാണുന്നില്ല. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് യു.ഡി.എഫ്. നയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി യു.ഡി.എഫ്. ഒരു പാർട്ടിയായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വലിപ്പച്ചെറുപ്പം കൂടാതെ എല്ലാവരോടും ആലോചിച്ചാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടോടെ പ്രവർത്തിച്ചാൽ മാത്രമേ അധികാരത്തിലെത്താൻ കഴിയു. യു.ഡി.എഫ് ഉണ്ടാക്കിയത് കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ പറ്റാത്തതു കൊണ്ടാണ്. എല്ലാ പാർട്ടികളുമായും കോൺഗ്രസ് ഉഭയകക്ഷി ചർച്ച തുടരുകയാണ്. സംസ്ഥാന തലം മുതൽ ജില്ലാ തലം വരെ തീരുമാനങ്ങൾ ഉണ്ടാകും. അത് കൃത്യമായി നടപ്പാക്കിയിരിക്കണം. നടപ്പാക്കാത്തവർ പിന്നീട് പാർട്ടിയിൽ ഉണ്ടാകില്ല. ഇത് ആൾക്കൂട്ടമല്ല. ഒരു സംവിധാനമാണെന്ന് എല്ലാവരും മനസിലാക്കണം. ഇതിൽ ആർക്കും ഒരു അപ്രമാദിത്വവുമില്ല. ആരായാലും അനുസരിച്ചേ പറ്റുവെന്നും വി.ഡി സതീശൻ പറഞ്ഞു.