ചെങ്ങന്നൂർ: സമര വിജയമാഘോഷിച്ച യു.ഡി.എഫിനു തിരിച്ചടിയായി നഗരസഭാ സെക്രട്ടറിയെ ചെങ്ങന്നൂരിൽ തന്നെ നിലനിറുത്തി സർക്കാർ ഉത്തരവിറക്കി. ഭരണസൗകര്യാർത്ഥം സെക്രട്ടറി എസ്. നാരായണനെ ചെങ്ങന്നൂരിൽ നിലനിറുത്തി സർക്കാർ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ 10 ന് മാവേലിക്കര നഗരസഭയിലേക്ക് സ്ഥലം മാറ്റിയ സെക്രട്ടറിയെയാണ് ചെങ്ങന്നൂരിൽ തുടരാൻ ഉത്തരവായത്. നഗരസഭ ഭരണസമിതിയും, സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായഭിന്നത വലിയ തർക്കങ്ങളിലേക്കു നീണ്ടതോടെ കഴിഞ്ഞ ജൂൺ 25 ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. ഭരണസമിതി സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിനുള്ള പ്രമേയം പാസാക്കി. പിന്നെയും സെക്രട്ടറിയെ സ്ഥലം മാറ്റാതെ വന്നതിനെത്തുടർന്ന് നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. അതിനൊപ്പം
ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ്. നഗരസഭാ ഓഫീസിനുള്ളിൽ റിലേ സത്യഗ്രഹ സമരവും ആരംഭിച്ചു.
സമരത്തിന്റെ ഒൻപതാം ദിവസം സെക്രട്ടറിയെ മാവേലിക്കര നഗരസഭയിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. സ്ഥലംമാറ്റിയെങ്കിലും സെക്രട്ടറി ചെങ്ങന്നൂരിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് വീണ്ടുമൊരു ഉത്തരവിലൂടെ ചെങ്ങന്നൂരിൽ തന്നെ നിയമനം നൽകിയത്.