
അടൂർ : മയക്കുമരുന്നിന്റെ വിപണനം സ്കൂൾ കോളേജ് തലങ്ങളിൽ വർദ്ധിച്ചുവരുന്നത് തടയാൻ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. അടൂർ യു.ഐ.ടി സെന്ററിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ളാസ്സുകളിൽ ഇരിക്കുന്ന കുട്ടികളിൽ അസ്വാഭാവികത കണ്ടെത്തിയാൽ അത് മനസിലാക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നതിനൊപ്പം അവരെ കൗൺസലിംഗ് ഉൾപ്പെടെയുള്ള മാർഗത്തിലൂടെ മുക്തരാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.ലതീഷ് അദ്ധ്യക്ഷതവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ ആര്യ എ. രാജൻ നന്ദി പറഞ്ഞു.