സ്ഥപതിമാരുടെ മൂന്നംഗ പാനലിനെ നാളെ കണ്ടെത്തും

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിന്റെ പഞ്ചവർഗത്തറയ്ക്കും സംരക്ഷണവേലിക്കും ഇടിമിന്നലിൽ സംഭവിച്ച തകരാറുകൾ കണ്ടെത്തി പരിഹരിക്കാൻ ദേവസ്വം ബോർഡ് നടപടികൾ തുടങ്ങി. ദേവസ്വം ബോർഡ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾക്ക് ഉത്തരവായത്. കൊടിമരത്തിനുണ്ടായ ക്ഷതം പരിശോധിക്കാൻ സ്ഥപതിമാരുടെ മൂന്നംഗ പാനലിനെ നാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ക്ഷേത്രം തന്ത്രിമാരായ അക്കീരമൻ കാളിദാസ ഭട്ടതിരി, പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, രഞ്ജിത്ത് നാരായണൻ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിൽ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, മെമ്പർമാരായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ എന്നിവർ നറുക്കെടുത്ത് സ്ഥപതിമാരെ പ്രഖ്യാപിക്കും. ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത് കുമാർ, തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാർ എന്നിവർ പങ്കെടുക്കും. ക്ഷേത്രം അഡ്ഹോക് കമ്മിറ്റി ചടങ്ങുകൾക്ക് നേതൃത്വം നൽകും. സ്ഥപതിമാർ കൊടിമരത്തിന്റെ അളവുകൾ രേഖപ്പെടുത്തുകയും ഉദ്യാേഗസ്ഥർ, തന്ത്രിമാർ എന്നിവർ പരിശോധിക്കുകയും ചെയ്തശേഷം കേടുപാടുകൾ സംബന്ധിച്ച റിപ്പോർട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ ദേവസ്വം കമ്മീഷണർ, ചീഫ് എൻജിനീയർ, തിരുവാഭരണം കമ്മീഷണർ, മാവേലിക്കര എക്സിക്യൂട്ടീവ് എൻജിനീയർ, തിരുവല്ല അസി.കമ്മീഷണർ, തിരുവല്ല അസി.എൻജിനീർ എന്നിവരെ ബോർഡ് ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ അഷ്ടമംഗലപ്രശ്നമടക്കമുള്ള അനന്തരനടപടികൾ ക്ഷേത്രം തന്ത്രിമാരുടെ നിർദ്ദേശപ്രകാരം നടത്താനുള്ള നടപടി സ്വീകരിക്കാനും ബോർഡ് ഉത്തരവായി.