അടൂർ : നിയോജക മണ്ഡലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന പറക്കോട് - ചിരണിക്കൽ റോഡ്, ഏഴംകുളം - കൈപ്പട്ടൂർ റോഡ് എന്നിവ സഞ്ചാരയോഗ്യമാക്കുന്നു. കൈപ്പട്ടൂർ മുതൽ ഏഴംകുളം വരെയുള്ള റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് കിഫ്ബി പദ്ധതിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡിലെ കുഴികൾ നികത്തി താൽക്കാലികമായി സഞ്ചാരയോഗ്യമാക്കാനും ധാരണയായി. കുണ്ടും കുഴിയും നിറഞ്ഞ് റോഡ് വാഹന ഗതാഗതം അസാദ്ധ്യമായ നിലയിലായിരുന്നു. ഇത് സംബന്ധിച്ച് വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊതുമരാമത്തിലെ ഉന്നതഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിച്ചത്.
ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിന് മൂന്ന് വർഷം മുൻപ് ടെൻഡർ നൽകിയതാണ് പറക്കോട് - ചിരണിക്കൽ പാത. വാട്ടർ അതോററ്റിയുടെ പൈപ്പ് മാറ്റിയിടാത്തതിനെ തുടർന്ന് പണി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. കൈപ്പട്ടൂർ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് ചിരണിക്കൽ പ്ളാന്റ് വരെയുള്ള ഭാഗത്ത് ഉന്നത നിലവാരത്തിലുള്ള പൈപ്പുകൾ സ്ഥാപിച്ചെങ്കിലും പ്ളാന്റിൽ നിന്ന് പറക്കോട് ജംഗ്ഷൻ വരെ രണ്ടു വശങ്ങളിലായുള്ള പഴയ ജലവിതരണം പൈപ്പുകളാണ് ഇൗ റോഡിന്റെ അന്തകൻ. ഇൗ പൈപ്പുകൾ മാറ്റി പുതിയ ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിലേക്ക് അടയ്ക്കേണ്ട തുക കിഫ്ബി ബോർഡിൽ നിന്ന് ലഭ്യമാക്കാത്തതാണ് റോഡിന്റെ നവീകരണം വൈകാൻ കാരണം. റോഡിന്റെ ചിരണിക്കൽ പ്ളാന്റ് മുതൽ കൊടുമൺ വരെയുള്ള ഒന്നര കലോമീറ്റർ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്ന നടപടി തിങ്കളാഴ്ച ആരംഭിക്കും. പ്ളാന്റ് മുതൽ പറക്കോട് ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗം പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് വരെ താൽക്കാലിക ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനും നടപടിയായി.
ജനങ്ങളുടെ സുഗമമായ യാത്രയാണ് പ്രധാന ലക്ഷ്യം. മഴക്കാലം പല നിർമ്മാണം പ്രവർത്തനങ്ങളും തടസപ്പെടാൻ കാരണമായി.
ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ.