ചെങ്ങന്നൂർ : മര വ്യാപാരിയെ ഭീഷണിപ്പെടുത്തി കള്ളക്കേസിൽ കുടുക്കിയതായി പരാതി. പുലിയൂർ ഇലഞ്ഞിമേൽ കാവുങ്കൽ വീട്ടിൽ ഹരിദാസൻ പിള്ള (62) യാണ് തന്നെ ചെങ്ങന്നൂർ എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ശ്രീകണ്ഠൻ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കിയതായും കാട്ടി ചെങ്ങന്നൂർ ഡിവൈ. എസ്.പിക്കും എക്‌സൈസ് കമ്മിഷണർക്കും പരാതി നൽകിയത്. മാവേലിക്കര സ്വദേശിയായ എക്‌സൈസ് ഓഫീസറുടെ ബന്ധുവിന്റെ വസ്തുവിലെ മരങ്ങൾ വിൽക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഹരിദാസൻ പിള്ള നാല് പാഴ് മരങ്ങൾ 5000 രൂപയ്ക്ക് വാങ്ങി. കഴിഞ്ഞ 4നാണ് മരം വെട്ടിയത്. വെട്ടിയ മരങ്ങൾ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകാൻ ചെന്നപ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം തടി അവിടെ നിന്ന് നീക്കം ചെയ്യുന്നത് ബന്ധുക്കൾ തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് ഹരിദാസൻ പിള്ള ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും മോശം അനുഭവമാണുണ്ടായതത്രേ. തന്റെ പരാതി ദുർബലപ്പെടുത്താൻ വേണ്ടി എക്‌സൈസ് ഉദ്യോഗസ്ഥന്റ ഭാര്യയും മറ്റൊരു ബന്ധുവുമായ സ്ത്രീയും ചേർന്ന് താൻ അപമര്യാദയായി പെരുമാറിയതായി കാണിച്ച് മാവേലിക്കര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയതായി ഹരിദാസൻ പിള്ള പറഞ്ഞു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദാസൻ പിള്ളയെ മാവേലിക്കര സി.ഐ, സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
വെട്ടിയിട്ട തടി ഇതുവരെ നീക്കം ചെയ്യുവാൻ സാധിച്ചിട്ടില്ല.

അതേസമയം തടിഇടപാടിൽ തനിക്ക് ബന്ധമില്ലെന്ന് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ശ്രീകണ്ഠൻ പറഞ്ഞു.കച്ചവടത്തിൽ ഒരു രൂപ പോലും ഹരിദാസൻ പിള്ള തനിക്ക് നൽകിയിട്ടില്ല.