bypass
തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് ബൈപ്പാസ് ജംഗ്‌ഷനിലെ അപകടം

തിരുവല്ല: നഗരത്തിലെ ബൈപ്പാസിൽ തിരക്കേറിയതോടെ അപകടങ്ങളും പതിവായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം ചെറുതും വലുതുമായ പത്തോളം അപകടങ്ങളുണ്ടായി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴിഞ്ഞദിവസം ഒരാൾക്ക് പരിക്കേറ്റ സംഭവമാണ് ഒടുവിലത്തേത്. സ്കൂട്ടർ യാത്രികനായിരുന്ന വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. ബൈപ്പാസിലെ ബി വൺ ജംഗ്ഷനിൽ രാവിലെ ഏഴിനാണ് അപകടം. കോട്ടയം സ്വദേശി സഞ്ചരിച്ചിരുന്ന കാർ പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പ്രദീപിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈപ്പാസിൽ ഏറ്റവും കൂടുതൽ അപകടം നടന്നിട്ടുള്ളത് മല്ലപ്പള്ളി റോഡിൽ ചിലങ്ക തീയേറ്ററിന് സമീപത്തെ ജംഗ്‌ഷനിലാണ്. നവംബർ 30നാണ് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ച ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടത്തിൽപ്പെട്ടത്. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗൺമാൻ ശർമ്മപ്രസാദ് ഉത്തമന് പരിക്കേറ്റിരുന്നു. ബൈപ്പാസും തിരുവല്ല-മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്.

ബൈപ്പാസിലൂടെ മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യബസിനെ ഇടിക്കാതിരിക്കാൻ ബൈപ്പാസിലൂടെ വന്ന മന്ത്രിയുടെ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കകം വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവമുണ്ടായി. തിരുവല്ല-മല്ലപ്പള്ളി റോഡും ബൈപ്പാസും ചേരുന്ന ഭാഗത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രികയായ പെരിങ്ങര കുമ്മന്റേടത്ത് വീട്ടിൽ എം.അഞ്ചുവിനാണ് പരിക്കേറ്റത്. ഇതുകൂടാതെ ഇന്നോവ കാർ ഇതേഭാഗത്ത് നിയന്ത്രണംവിട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് അപകടം ഉണ്ടായതും രണ്ടാഴ്ച മുമ്പാണ്. ബൈപ്പാസിലെ വളവിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങൾ മല്ലപ്പള്ളി റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ തട്ടിയാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ സിഗ്നൽ സംവിധാനം ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ വർദ്ധിക്കുകയാണ്.