vaccine

പത്തനംതിട്ട: പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിലെ ശബരിമല ഹബിൽ തീർത്ഥാടകർക്ക് കൊവിഡ് ടെസ്റ്റിനുളള ആർ.ടി.പി.സി.ആർ സൗകര്യം ഒരുക്കണമെന്ന ഡിപ്പോ അധികൃതരുടെ അപേക്ഷ ആരോഗ്യ വകുപ്പ് തള്ളി. ശബരിമല ഹബ് ഉദ്ഘാടനം ചെയ്തപ്പോൾ ആർ.ടി.പി.സി.ആർ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കെ.എസ്.ആർ.ടി.സി ഡി.ടി.ഒ അപേക്ഷ നൽകിയത്. സർക്കാർ നിർദ്ദേശ പ്രകാരം നിലയ്ക്കലിൽ ആർ.ടി.പി.സി.ആർ സൗകര്യമുള്ളതിനാൽ പത്തനംതിട്ട ഹബിൽ അതിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഒാഫീസർ മറുപടി നൽകി. പത്തനംതിട്ട ഡിപ്പോയിൽ ശബരിമല ഹബിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്ന് ആക്ഷേപമുണ്ട്. ശബരിമല സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യങ്ങൾ പത്തനംതിട്ടയിലും തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

പത്തനംതിട്ടയിൽ നിന്ന് പമ്പയ്ക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോകുന്ന തീർത്ഥാടകർക്ക് നിലയ്ക്കലിൽ ലഭിക്കുന്ന സൗകര്യങ്ങൾ പത്തനംതിട്ടയിൽ ലഭിച്ചാൽ നിലയ്ക്കലിലെ തിരക്ക് ഒഴിവാക്കാം.

മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ശബരിമല ഹബ് തുടങ്ങിയത്.

മറ്റു ജില്ലകളിൽ നിന്ന് പത്തനംതിട്ട വഴി പമ്പയ്ക്ക് സർവീസ് നടത്തുന്ന ബസുകൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർത്ഥാടകർക്ക് ശബരിമല ഹബിൽ രണ്ടു മണിക്കൂർ വിശ്രമ സമയം ലഭിക്കും. തുടർന്ന് ആദ്യ ബസിലെ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട - പമ്പ ബസുകളിൽ യാത്ര ചെയ്യാം.