അടൂർ : എം. ജി റോഡിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസമാകുന്നു. പരാതിപ്പെടുന്നവരോട് ഇന്ന് കിട്ടും നാളെ തുറന്നുവിടും, തുറന്ന് വിട്ടിട്ട് കിട്ടിയില്ലേ എന്ന തരത്തിൽ അപഹസിക്കുന്ന ചോദ്യങ്ങളാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ളത്. ഉപയോക്താക്കളെ പറഞ്ഞുപറ്റിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് അടൂർ നഗരസഭയിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാർഡ് നിവാസികൾ. അടൂർ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിലും നൂറ് കണക്കിന് ഹൗസ് കണക്ഷൻ എടുത്തവരും ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് കാണാൻ അധികൃതർക്കാവുന്നില്ല. മഴക്കാലമായതോടെ വയലോരങ്ങളിലെ കിണറുകളിലെ വെള്ളം പാചകത്തിനുപോലും ഉപയോഗിക്കാൻ കഴിയുന്നില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുവെള്ളമാണ് പിന്നീടുള്ള ഏക ആശ്രയം. ഇതും ലഭിക്കാതായതോടെ ജനങ്ങൾ വലയുകയാണ്.

പരാതി നൽകിയിട്ടും നടപടിയില്ല

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇൗവിഷയവുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല.ഒരുമാസമായി തുടരുന്ന ഇൗ പ്രതിസന്ധിക്ക് എന്ന് പരിഹാരം കാണുമെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. നഗരത്തിലുടനീളം പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ച് റോഡ് അടിക്കടി കുഴിക്കുന്ന പണികളാണ് നടക്കുന്നത്. ഇത്കാരണമാകാം ജലവിതരണം മുടങ്ങിയത്. എന്നാൽ ഇത് സമ്മതിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വൈമനസ്യമാണ്. പുകമറ സൃഷ്ടിച്ച് പരാതിക്കരെ ഒഴിച്ചുവിടുന്നതല്ലാതെ ഫലപ്രദമായ നടപടി സ്വീകരിച്ച് ജലവിതരണം സുഗമമാക്കുന്നതിൽ കാട്ടുന്ന അനാസ്ഥയ്ക്കെതിരേ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ