റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ കലുങ്ക് അപകട ഭീഷണിയിൽ. അത്തിക്കയം - കുടമുരുട്ടിവഴി പെരുന്തേനരുവിക്കുള്ള യാത്രയിൽ പെരുന്തേനരുവിക്കും ചണ്ണയ്ക്കും തിരിയുന്ന വഴിയിലെ കലുങ്കാണ് അപകടഭീഷണി ഉയർത്തുന്നത്. കലുങ്കിന്റെ ഇരു തൂണുകളും 90ശതമാനവും അപകടത്തിലാണ്. മലവെള്ളപ്പാച്ചിലിൽ തൂണിനു അടിയിലെ മണ്ണ് ഒലിച്ചുപോയതാണ് അപകടത്തിലാകാൻ കാരണം. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല. കലുങ്കിന്റേത് അശാസ്ത്രീയമായ നിർമ്മാണമെന്നും ആരോപണമുണ്ട്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്കും ഡാമിലേക്കും 100 കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. ഡാമിലേക്ക് വേണ്ട നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ ഈ കലുങ്ക് കടന്നാണ് പോയിരുന്നത്. കൂടാതെ പെരുന്തേനരുവി പവർ ഹൗസിലേക്കുള്ള കൂറ്റൻ ജനറേറ്ററുകളും ഇതുവഴിയാണ് കൊണ്ടു പോയിരുന്നത്. ഏതു നിമിഷവും നിലംപതിക്കുന്ന സ്ഥിതിയാണ്. കലുങ്കിന്റെ ഇരുവശങ്ങളിൽ ഭിത്തിയോട് ചേർന്നിരിക്കുന്ന നേരിയ ഭാഗം മാത്രമാണ് അല്പം ബലമുള്ളത്. മേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ തോട്ടിൽ ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടാറുണ്ട്. ചണ്ണ മലയിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളം കലുങ്ക് ഏതുനിമിഷവും പമ്പയിൽ എത്തിക്കാം എന്ന അവസ്ഥയിലാണ്. അധികൃതർ എത്രയും വേഗം നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.....................
കലിങ്കിനു ബലക്ഷയം ഉണ്ടായാൽ നിരവധി ആളുകൾ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാവും. പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികൾക്ക് പുറമെ കുടമുരുട്ടി കൊച്ചുകുളം, ഉന്നത്താനി മേഖലയിലെ ആളുകൾ വെച്ചൂച്ചിറ, ചാത്തന്തറ, മുക്കൂട്ടുതറ എന്നി സ്ഥലങ്ങളിലേക്ക് പോകാനായി ഉപയോഗിക്കുന്ന പ്രധാന പാതയാണ് ഇപ്പോഴിത്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കണം.
സുരേന്ദ്രൻ
(പ്രദേശവാസി)
-90ശതമാനവും അപകടത്തിൽ
- നിരവധി വാഹനങ്ങൾ പോകുന്ന റോഡ്