 
തിരുവല്ല: മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്നവരെ തകർക്കുകയാണ് ആർ.എസ്.എസിന്റെ അജണ്ടയെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് പി.ബി.സന്ദീപ് കുമാറെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം പി.ജയരാജൻ പറഞ്ഞു. ചാത്തങ്കരിയിൽ സന്ദീപിന്റെ വീട്ടിലെത്തിയ ജയരാജൻ , കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സന്ദീപിനെ പോലെ 215 സഖാക്കളെയാണ് ഇതിനോടകം ആർ.എസ്.എസ് വകവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വം ഗൂഢാലോചന നടത്തിയാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. ഗൂഢാലോചന നടത്തിയവരെ പൊലീസ് കണ്ടെത്തണം. മതനിരപേക്ഷരായ ആളുകൾ ആർ.എസ്.എസിന്റെ നീക്കങ്ങളെ ചെറുത്ത് പരാജയപ്പെടുത്തണമെന്ന് ജയരാജൻ അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ. സനൽകുമാർ, ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി, ഏരിയാ കമ്മിറ്റിയംഗം പ്രമോദ് ഇളമൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.