dwajam
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ധ്വജസ്തംഭത്തിന്റെ ക്ഷതം പരിശോധിക്കാനുള്ള സ്ഥപതിമാരെ നറുക്കെടുക്കുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നവംബർ 28ന് മിന്നലേറ്റ ധ്വജസ്തംഭത്തിന്റെ ക്ഷതം പരിശോധിക്കാനുള്ള സ്ഥപതിമാരെയും ദേവഹിതം അറിയുന്നതിനുള്ള ദൈവജ്ഞരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,മെമ്പർമാരായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ എന്നിവർ ചേർന്ന് നറുക്കെടുപ്പിൽ കണ്ടെത്തിയവരെ പ്രഖ്യാപിച്ചു. ഇന്നലെ ക്ഷേത്രനടയിൽ നിരണം വടക്കുംഭാഗം ശ്രീമംഗലത്ത് സുജിത്കുമാറിന്റെ മകൾ ശ്രീലക്ഷ്മിയാണ് നറുക്കെടുത്തത്. തൃശൂർ ഇളവള്ളിയിൽ കെ.കെ.ദാസൻ ആചാരി, കുന്നംകുളം വേഴപ്പറമ്പുമനയിൽ ചിത്രഭാനു നമ്പൂതിരി,തിരുവല്ല പൗർണമിയിൽ മനോജ് എസ്.നായർ എന്നിവരാണ് സ്ഥപതിമാരുടെ പാനലിൽ തിരഞ്ഞെടുക്കപ്പെട്ടവർ. ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, കോഴിക്കോട് മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി,കണ്ണൂർ ഇടയ്ക്കാട് ദേവദാസ് ജ്യോതിഷൻ,വടകര ചോറോട് ശ്രീനാഥ് പണിക്കർ,എരുവ ശ്രീനിവാസൻപിള്ള എന്നിവരാണ് ദേവപ്രശ്നത്തിന് തിരഞ്ഞെടുക്കപ്പെട്ട ദൈവജ്ഞർ. അടിയന്തര പ്രാധാന്യത്തോടെ കൊടിമരത്തിന്റെയും പഞ്ചവർഗത്തറയുടെയും പരിശോധന നടത്തി ആവശ്യമായ പുനർനിർമ്മാണം നടത്തുമെന്ന് അഡ്വ.അനന്തഗോപൻ ഉറപ്പുനല്കി.ചീഫ് എൻജിനീയർ ആർ.അജിത്കുമാർ,തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാർ,എക്സിക്യൂട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ,തിരുവല്ല അസി.കമ്മീഷണർ കെ.ആർ.ശ്രീലത,സബ് ഗ്രൂപ്പ്‌ ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ മോഹനകുമാർ,ഗണേശ് എസ്.പിള്ള, കെ.എ.സന്തോഷ് കുമാർ,പി.എം.നന്ദകുമാർ,രാജീവ് രഘു,വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ, ജോ.സെക്രട്ടറി ആർ.സുകുമാരൻ, കമ്മിറ്റിയംഗങ്ങളായ പത്മനാഭൻനായർ, രാജരേഖരൻനായർ,ഏകാദശീ സംഘം പ്രസിഡന്റ് ഉഷാ നായർ,ദേവസ്വം ജീവനക്കാരൻ ആർ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.