
ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്ക് അഞ്ചുഭാഷകളിലെ അറിയിപ്പുകളുമായി സേവനം നൽകുകയാണ് വലിയനടപ്പന്തലിലെ ദേവസ്വം പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബംഗളുരു മേടഹള്ളി സ്വദേശി ആർ. എം.ശ്രീനിവാസ്. 23 വർഷമായി സന്നിധാനത്തെ ദേവസ്വം പബ്ലിസിറ്റി കം ഇൻഫർമേഷൻ ഓഫീസിൽ അദ്ദേഹമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്യും. അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിച്ചിരിക്കേണ്ടതുമായ കാര്യങ്ങൾ വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്നത് ഇദ്ദേഹമാണ്. കൂടാതെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള ഭക്തരുടെ സംശയങ്ങൾക്ക് മറുപടി പറയുക, പൂജകളുടെയും വഴിപാടുകളുടെയും വിവരങ്ങൾ മൈക്കിലൂടെ അറിയിക്കുക, കൂട്ടം പിരിഞ്ഞെത്തുന്നവരെക്കുറിച്ച് മൈക്കിലൂടെ വിളിച്ചറിയിക്കുക,കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി മൈക്കിലൂടെ അറിയിക്കുക എന്നിവയും ജോലിയിൽപ്പെടും. ബി.എസ്.എഫ് ജവാനായിരുന്ന ശ്രീനീവാസ് നാട്ടിൽ മദ്യവിരുദ്ധ പ്രവർത്തങ്ങളിലും സജീവമാണ്. തനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ശബരിമലയിലെ സേവനം തുടരുമെന്ന് ശ്രീനിവാസ് പറഞ്ഞു. ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂരിന്റെ നേതൃത്വത്തിൽ പതിനഞ്ചു പേരാണ് രണ്ടു ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്. നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഗാനങ്ങൾ പ്ലേ ചെയ്യുന്നതും ഇവിടെ നിന്നുമാണ്.