agri
നിരണം അയ്യംകോനാരി പാടത്ത് പെട്ടിയും പറയും ഒരുക്കിയതിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ നിർവ്വഹിക്കുന്നു

തിരുവല്ല: തോരാമഴയുടെ ഭീതിയൊഴിഞ്ഞതോടെ അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി. മഴയും വെള്ളപ്പൊക്കവും കാരണം ഒന്നര മാസത്തോളം വൈകിയാണ് ഇത്തവണ നെൽകൃഷിക്കുള്ള ജോലികൾ തുടങ്ങിയത്. അപ്പർകുട്ടനാട്ടിലെ കുറ്റൂർ,പെരിങ്ങര,നെടുമ്പ്രം,നിരണം,കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. കുറ്റൂരിലെ കോതവിരുത്തി പാടത്താണ് ആദ്യം ജോലികൾ തുടങ്ങിയത്. മഴ ശല്യമുണ്ടാക്കിയില്ലെങ്കിൽ അടുത്തയാഴ്ച വിത്ത് വിതയ്ക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിളവെടുക്കാൻ 120 ദിവസം വേണ്ടിവരുന്ന ഉമ വിത്താണ് കുറ്റൂരിലെ കർഷകർക്ക് ലഭിച്ചിട്ടുള്ളത്. നേരത്തെ ലഭിച്ച വിത്ത് വിതയ്ക്കാൻ വൈകിയതിനാൽ കുറെ നശിച്ചെങ്കിലും കൃഷി വകുപ്പ് അധികൃതർ മാറ്റി നൽകി പ്രശ്നം പരിഹരിച്ചു.

വെള്ളം വറ്റിക്കൽ ശ്രമകരമെന്ന് കർഷകർ

പെരിങ്ങര പഞ്ചായത്തിലെ തോടുകളിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്നത് ശ്രമകരമായ ജോലിയാണെന്ന് കർഷകർ പറഞ്ഞു. വലിയ പാടശേഖരമായ അഞ്ചടി വേളൂർ മുണ്ടകം, പടവിനകം ബി,വേങ്ങൽ എന്നീ പാടത്ത് വെള്ളം വറ്റിക്കുന്ന ജോലികൾ ജോലികൾ നടന്നുവരികയാണ്. ജില്ലയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിൽ 27 പാടശേഖരങ്ങളുണ്ട്. കാലാവസ്ഥ അനുകൂലമായാൽ അടുത്തയാഴ്ച്ച അവസാനത്തോടെ വിതയ്ക്കൽ നടത്താമെന്ന് കർഷകർ പറഞ്ഞു. എല്ലാ കർഷകർക്കും വിത്ത് ലഭിച്ചിട്ടില്ല. ഉമ വിത്തിനെ അപേക്ഷിച്ച് വിളവെടുക്കാൻ പത്ത് ദിവസത്തോളം കുറവുള്ള ജ്യോതി വിത്ത് വിതയ്ക്കാനാണ് ഇവിടുത്തെ കർഷകർ ആലോചിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വിത്ത് എത്തിക്കും. നിരണം പഞ്ചായത്തിൽ `മണിരത്ന' പോലെ വിളവെടുക്കാൻ ദിവസം കുറവുള്ള നെൽവിത്താണ് വിതയ്ക്കുന്നതെന്ന് കർഷകർ പറഞ്ഞു. നിരണം പഞ്ചായത്തിലെ നിരണത്തുതടം, കടപ്രയിലെ ചേന്നങ്കരി, നെടുമ്പ്രത്തെ വിരുപ്പാശേരി പാടശേഖരങ്ങളിലും വിത്ത് വിതയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

പ്രതീക്ഷയേകി പെട്ടിയും പറയും


തിരുവല്ല: വെള്ളപ്പൊക്കത്തിൽ നശിച്ച നിരണം അയ്യംകോനാരി പാടശേഖരത്തിന് പെട്ടിയും പറയും ഒരുക്കി നൽകി. പാടത്തെ വെള്ളം പുറന്തള്ളിയിരുന്ന മോട്ടോർ തറയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. 120 ഏക്കറുള്ള പാടത്ത് 63 കർഷകരുണ്ട്. ഇവരുടെ ആവശ്യപ്രകാരം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2.24ലക്ഷം രൂപ ചെലവഴിച്ച് പെട്ടിയും പറയും സ്ഥാപിച്ചത്. പെട്ടിയും പറയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ജോളി ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ,അംഗങ്ങളായ ജിനു തോമ്പുംകുഴി,വിശാഖ് വെൺപാല,കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജി വി.ജെ, കൃഷി ഓഫീസർനാജിത,അസിസ്റ്റന്റ് റോണി ഫിലിപ്പ്,പാടശേഖര സെക്രട്ടറി സാലി മാത്യു, പ്രസിഡന്റ് കെ.ടി.മാത്യു, കൺവീനർ വർഗീസ് എന്നിവർ പങ്കെടുത്തു.

-ഒന്നര മാസം വൈകിയ നെൽക്കൃഷി

- പെരിങ്ങര പ‌ഞ്ചായത്തിൽ 27 പാട ശേഖരങ്ങൾ