ചെങ്ങന്നൂർ: അപകട രഹിത സുരക്ഷാ ഇടനാഴി നിർമ്മിച്ചെങ്കിലും കൈയെത്തും ദുരത്തെ അപകടക്കെണി അധികൃതർ മാറ്റിയില്ല. ഇതോടെ തിരക്കേറിയ എം.സി റോഡരികിൽ എൻജിനീയറിംഗ് കോളജ് ജംഗ്ഷനിലെ നടപ്പാതയോടു ചേർന്ന വേലിക്കെട്ടില്ലാത്ത ട്രാൻസ്‌ഫോമർ കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. എം.സി റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുരക്ഷാ ഇടനാഴി നിർമ്മാണത്തിന്റെ ഭാഗമായാണ് നടപ്പാത നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായതോടെ നടപ്പാതയുടെ ഉയരം കൂടി. ട്രാൻസ്‌ഫോമർ കാൽനടയാത്രക്കാരുടെ കൈയകലത്തിലായി. രണ്ടര മീറ്റർ മാത്രം ഉയരത്തിലാണ് ട്രാൻസ്‌ഫോമറിന്റെ കേബിളുകളും ഫ്യൂസ് കാരിയറുകളും. നടപ്പാതയിലൂടെ നടക്കുന്നവർ അറിയാതെ കൈവീശിയാലോ എതിരേ എത്തുന്നവർക്കു കടന്നുപോകാനായി അൽപ്പം ഒതുങ്ങിയാലോ കേബിളിലും ഫ്യൂസ് കാരിയറിലും കൈ തട്ടും എന്ന നിലയിലാണ്. മഴക്കാലത്തു കുട ചൂടി നടക്കുന്നവരും അപകടത്തിൽപ്പെട്ടേക്കാം. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് അപകടത്തിലേക്കു ക്ഷണിച്ചു ട്രാൻസ്‌ഫോർമറിന്റെ നിൽപ്പ്. ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

.........................

നന്ദാവനം കവലയിലെ ഫുഡ് പാത്തിനോട് ചേർന്നു നിൽക്കുന്ന ട്രാൻസ് ഫോർമർ പൊതുജനങ്ങൾക്ക് വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ട്രാൻസ് ഫോർമർ സുരക്ഷിത സ്ഥാനത്തേക്ക് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്നാവിശ്യപ്പെട്ട് വൈദ്യുതി ബോർഡ് എഞ്ചിനിയർക്ക് കത്തുനൽകിയിട്ടുണ്ട്.

കെ. ഷിബു രാജൻ

(വാർഡംഗം)