ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ഭർത്താവ് ജോൺ ഫിലിപ്പ് എന്നിവർക്കെതിരെ അയൽവാസിയുടെ പരാതി. കാൻസർ രോഗിയായ പാണ്ടനാട് പഞ്ചായത്ത് ആറാം വാർഡ് വന്മഴി പുത്തൻപുരയ്ക്കൽ അന്നമ്മ വർഗീസാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. കല്ലംപറമ്പിൽ ജോൺ ഫിലിപ്പിന്റെയും, മറിയാമ്മ ജോൺ ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള കന്നുകാലി ഷെഡിൽ നിന്നും മൂത്രവിസർജ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്നും, ഇവ ടാങ്കിൽ ശേഖരിച്ചു മോട്ടോർ ഉപയോഗിച്ചു പമ്പ് ചെയ്യുന്നതിനാൽ വീടിനടുത്തേക്ക് ഒഴുകുന്നതായും പരാതിയിൽ പറയുന്നു. വിവരം നഗരസഭാദ്ധ്യക്ഷയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതായും അന്വേഷണത്തിനായി ഹെൽത്ത് വിഭാഗത്തിലേക്ക് കൈമാറിയതായും പഞ്ചായത്ത് സെക്രട്ടറി ഷൈലജ പറഞ്ഞു. എന്നാൽ 15 വർഷമായി വീടിനു സമീപം ഭർത്താവ് പശുക്കളെ വളർത്തുന്നുണ്ടെന്നും ആർക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. നിലവിലെ വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നും ഇവർ ആരോപിച്ചു.