അടൂർ: വീടുകയറി യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച ശേഷം മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ഏനാദിമംഗലം മാരൂർ രഞ്ജിത്ത് ഭവനം വീട്ടിൽ സോമന്റെ മകൻ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. .കൊട്ടാരക്കര മൈലം സ്വദേശികളായ ഇട്ടിയപറമ്പിൽ ചാത്തൻ കോട്ട് വീട്ടിൽ അനിൽ(35), കുഴിവിള മേലേതിൽ വീട്ടിൽ പ്രശാന്ത് (26) എന്നിവരെയാണ് പിടികൂടിയത്. ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പു പൈപ്പുകൾ കൊണ്ടുള്ള മർദ്ദനമേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ പിന്തുടർന്ന് വീണ്ടും മർദ്ദിച്ച ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
അഞ്ച് വർഷം മുമ്പ് പ്രതി അനിലിനെയും സഹോദരൻ സുനിലിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയാണ് രഞ്ജിത്ത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ടി.ഡി, എസ്.ഐമാരായ മനീഷ്.എം, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, റോബി, ജയൻ, രതീഷ്, അൻസാജു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ സയന്റിഫിക് - ഫോറൻസിക് വിഭാഗവും, ജില്ലാ സൈബർ സെൽ വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു.തെളിവെടുപ്പിന് ശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.