തിരുവല്ല: അപ്പർകുട്ടനാട്ടിൽ ആയിരക്കണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയാണെന്ന ആശങ്കയിലാണ് കർഷകർ. നിരണം പഞ്ചായത്തിലെ എട്ടിയാരിൽ റോയിയുടെ 7500 താറാവ് കുഞ്ഞുങ്ങളും കണ്ണമ്മാലി കുര്യൻ മത്തായിയുടെ 1450 താറാവുകളും കഴിഞ്ഞ ദിവസം ചത്തൊടുങ്ങി. നിരണം വെറ്റിനറി ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ചു. മഞ്ഞാടി പക്ഷിരോഗ നിർണയ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നിരണത്തെ കർഷകർ. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മരുന്നു നൽകുന്നുണ്ടെങ്കിലും താറാവുകൾ വ്യാപകമായി ചത്തൊടുങ്ങുകയാണെന്ന് കർഷകർ പറയുന്നു. തുടർച്ചയായ വർഷങ്ങളിൽ രോഗബാധയുണ്ടാകുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ഈ വർഷം ആദ്യവും രോഗം ബാധിച്ച ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് നിരണം. ഇവിടെയാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഏക താറാവ് വളർത്തൽ കേന്ദ്രവും സ്ഥിതിചെയ്യുന്നത്.