തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് പ്രതി ചേർത്തു. കരുവാറ്റ പാലവിള കോളനിയിൽ രതീഷ് (36) നെയാണ് പ്രതി ചേർത്തത്. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം മൂന്ന് പേർക്ക് ഒളിത്താവളം ഒരുക്കിനൽകിയ കേസിലാണ് രതീഷിനെ പ്രതി ചേർത്തിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ്. കരുവാറ്റ സ്വദേശിയായ അരുൺ കുമാറിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന് കുറ്റപ്പുഴയിലെ ലോഡ്ജിൽ പാർപ്പിച്ച് ദേഹോപദ്രവം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രതീഷ് . ഈ കേസിൽ ഹരിപ്പാട് പൊലീസിന്റെ പിടിയിലായ രതീഷ് ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. തിങ്കളാഴ്ച തിരുവല്ല കോടതിയിൽ അപേക്ഷ നൽകി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ നന്ദുഭവനിൽ നന്ദു (23 ), വിഷ്ണുകുമാർ (അഭി -25), കാസർഗോഡ് കുമ്പള മൈമൂന നഗർ കുന്നിൽ വീട്ടിൽ മുഹമ്മദ് മൻസൂർ (24) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സന്ദീപിനെ കൊലപ്പെടുത്തും മുമ്പ് പ്രതികൾ ഗൂഡാലോചന നടത്തിയ കുറ്റപ്പുഴയിലെ ലോഡ്ജിൽ ഇന്നലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് പിന്നിൽ കൃത്യം നടത്താൻ പ്രേരണ നൽകിയ ആരെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.