 
ശബരിമല: പാണച്ചെടിയുടെ ഇല കൊണ്ട് കേശാദിപാദം ഉഴിഞ്ഞ് ഭക്തന്റെ കണ്ണുദോഷം മാറ്റാൻ പറകൊട്ടി പാട്ടുകാർ ഇത്തവണയും മാളികപ്പുറത്ത് സജീവമാണ്. പരമ്പരാഗതമായി വേലൻ സമുദായത്തിൽപ്പെട്ടവരുടെ അവകാശമാണിത്. 12 പേരാണ് ഇത്തവണ സന്നിധാനത്ത് പറകൊട്ടി പാട്ടിനെത്തിയിട്ടുള്ളത്. വഴിപാടുകാർ ഇഷ്ടത്തോടെ നൽകുന്ന ദക്ഷിണയാണ് ഇവർ സ്വീകരിക്കുന്നത്. ആട്ടിൻ തോലുപയോഗിച്ച് ചൊടലി, ചൂരൽ എന്നിവയിലാണ് വാദ്യ ഉപകരണമായ പറ തയാറാക്കുന്നത്. തെറ്റി, തുളസി, ചെമ്പകം, ചെമ്പരത്തി, അശോകം, മുല്ല എന്നിവയുടെ കമ്പുകളിൽ ഏതെങ്കിലുമൊന്നാണ് പറ കൊട്ടാൻ ഉപയോഗിക്കുന്നത്. 20 മിനിട്ടുള്ള കേശാദിപാദം പാട്ട് പൂർത്തിയാകുമ്പോൾ ഭക്തനെ ഭസ്മംതൊട്ട് അനുഗ്രഹിക്കുന്നതോടെയാണ് ചടങ്ങ് പൂർത്തിയാകുക. വൃശ്ചികം ഒന്ന് മുതൽ മകരവിളക്ക് വരെയും പറകൊട്ടി പാട്ടുകാർ സന്നിധാനത്തുണ്ടാകും. മാടമൺ, വെള്ളിയൂർ, ആറന്മുള, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വർഷങ്ങളായി പറകൊട്ടിപ്പാട്ടിന് മാളികപ്പുറത്ത് എത്തുന്നത്.