 
കോന്നി: ആഞ്ഞിലിക്കുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡിന്റെ ടാറിംഗിൽ അപാകതകളെന്നു പരാതി. പൊതുമരാമത്തു വകുപ്പിന്റെ നാല് കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നിൽ നിന്ന് തുടങ്ങി മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം കോട്ടമുക്കിലാണ് അവസാനിക്കുന്നത്. 6 കോടി രൂപ മുതൽ മുടക്കിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ പലഭാഗങ്ങളിലും വൈദ്യുത പോസ്റ്റുകൾ റോഡിന് നടുവിലാണ്. രാത്രികാലങ്ങളിൽ ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് പണികൾ പൂർത്തിയായിട്ടും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിട്ടില്ല. റോഡിലേക്കിറക്കി പല സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികൾ മതിലുകളും നിർമ്മിച്ചിട്ടുണ്ട്. കിഴക്കുപുറം, അട്ടച്ചാക്കൽ, വെട്ടൂർ, വടക്കുപുറം, ഇലക്കുളം, മലയാലപ്പുഴ,പൊതീപ്പാട്, പുതുക്കുളം,ചീമപ്ലാവ് മുക്ക്, പാമ്പേറ്റിമല,കുമ്പഴ തോട്ടം, ചെങ്ങറ,നാടുകാണി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ദിവസവും യാത്ര ചെയ്യുന്ന റോഡ് കൂടിയാണിത്.
റോഡിന് വീതിയില്ല
5.5 മീറ്റർ വീതിയിൽ ആറു കോടി രൂപ മുതൽ മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റോഡിൽ പലയിടത്തും വീതികുറച്ചാണ് ടാറിംഗ് നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ പൈപ്പ് കലുങ്കും 450 മീറ്റർ നീളത്തിൽ ഓട നിർമ്മാണവും, 1000 മീറ്റർ ഐറീഷ് ഓടയും മുന്നറിയിപ്പ് ബോർഡുകൾ, ദിശ സൂചിക ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവയുടെയെല്ലാം നിർമ്മാണം ശാസ്ത്രിയമായ രീതിയിലല്ല നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലെ കിഴക്കുപുറം ജംഗ്ഷനിൽ അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്‌ഷനിൽ നിന്നും വരുന്ന റോഡ് ചേരുന്ന ഭാഗം അപകട സാദ്ധ്യത കൂടിയ മേഖലയാണ്. ഇവിടെ അപകട സാദ്ധ്യത കുറക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടില്ല.
- 6 കോടി മുടക്കിയ റോഡ്