ചെങ്ങന്നൂർ : ക്രിസ്മസിനോടനുബന്ധിച്ച് പ്രോവിഡൻസ് കോളജ് ഓഫ്എൻജിനീയറിംഗിൽ ആഘോഷ പരിപാടികളും പൊതുജനങ്ങൾക്കായി മത്സരങ്ങളും 21, 22തീയതികളിലായി നടത്തും. മദ്ധ്യതിരുവിതാംകൂറിലെ ക്വയർ സംഘങ്ങൾ പങ്കെടുക്കുന്നകാരോൾ ഗാന മത്സരമാണ് പ്രധാന ഇനം. 10,000 രൂപ മുതൽ 25,000 രൂപ വരെയാണ് സമ്മാനത്തുക. കേക്ക് ബേക്കിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിനു 10,000രൂപ വരെ സമ്മാനത്തുകയുണ്ട്. നാലു മണിക്കൂർ കൊണ്ട് ക്രിസ്മസ് തീമിൽ കേക്കുകൾനിർമ്മിക്കണം. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന നേറ്റിവിറ്റി സീൻ പ്രദർശനം കാമ്പസിന്റെ നാലു ഭാഗങ്ങളിലായി സജ്ജീകരിക്കും. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പുനരാവിഷ്‌കരണം, സംഗീതത്തിന്റെ അകമ്പടിയോടെ മിഴിവാർന്ന പശ്ചാത്തലത്തിൽ സജ്ജമാക്കും. ഫുഡ് സ്റ്റാളുകൾ, എക്‌സിബിഷൻ കൗണ്ടറുകൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട് . മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 9744174333. പ്രവേശനം സൗജന്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രമീകരണം ഒരുക്കേണ്ടതിനാൽ ഓൺലൈൻ വഴി സൗജന്യ പാസ് നേടുന്നവർക്കാകും പ്രവേശനമെന്നു പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ അറിയിച്ചു. പ്രൊഫ. അലക്‌സ് മാത്യു, പ്രൊഫ. ജോൺ ജേക്കബ്, പ്ലേസ്‌മെന്റ് ഓഫീസർ വിഷ്ണുരാജൻ എന്നിവർ പങ്കെടുത്തു.