തിരുവല്ല: വൃക്കരോഗികൾക്കൊപ്പം പദ്ധതിയുമായി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും രംഗത്തെത്തി. അർഹരായവർക്ക് 500 രൂപയിൽ കുറഞ്ഞനിരക്കിൽ ഡയാലിസിസ് ചെയ്യാൻ സഹായം നൽകുന്നതാണ് പദ്ധതി. തിരുവല്ല അതിഭദ്രാസനത്തിന്റെ നവതിയുടെയും അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസിന്റെ മെത്രാഭിഷേക രജതജൂബിലിയുടെയും ഭാഗമായി കർദ്ദിനാൾ ക്ലീമിസ് കാതോലിക്കോസ് ഡയാലിസിസ് ഫൗണ്ടേഷനിലൂടെയാണ് നടപ്പാക്കുക. ഇതോടൊപ്പം പുഷ്പഗിരി ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗവും ഹെൽത്ത് ടൂറിസം ഫൗണ്ടേഷനും ആരംഭിക്കും. മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം 13ന് വൈകിട്ട് 3.30ന് പുഷ്പഗിരി ആശുപത്രി സെനറ്റ് ഹാളിൽ നടക്കും. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഡയാലിസിസ് ഫൗണ്ടേഷന്റെയും ഹെൽത്ത് ടൂറിസം ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിർവഹിക്കും. ഡോ.തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും ഹെൽത്ത് ടൂറിസം വെബ്സൈറ്റിന്റെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിക്കും. ആശുപത്രിയിൽ ആരംഭിക്കുന്ന ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ഡോ.തോമസ് മാർ കൂറിലോസ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത്, നെഫ്രോളജി വിഭാഗം മേധാവി ഡോ.റീന തോമസ്,പി.എം.ആർ.വിഭാഗം ഇൻചാർജ് ഡോ.ജിമ്മി ജോസ് എന്നിവർ പങ്കെടുത്തു.