chitteyam

അടൂർ : നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്, കിഫ്ബി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പൊതുമരാമത്ത് റോഡ്സ്, ജലവിഭവം,കെ.ആർ.എഫ്.ബി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് കൂടി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി ചിറ്റയം ഗോപകുമാർ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു. ജലവിഭവ വകുപ്പിന്റെ അലംഭാവമാണ് പ്രവൃത്തികൾ പലതും നടക്കാതെ വന്നതെന്ന് യോഗം വിലയിരുത്തി.

അടൂർ നഗരത്തിൽ ജലവിഭവ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ 15ന് മുൻപ് പൂർത്തിയാക്കി റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിന് വഴിയൊരുക്കും. പ്രധാനമായും ഇരട്ടപ്പാലം, അതിനോടനുബന്ധിച്ച് നെല്ലിമൂട്ടിൽപടി മുതൽ ഹോളിക്രോസ് ജംഗ്ഷൻ വരെയും പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള റോഡും ബി. എം. ആൻഡ് ബി. സി നലവാരത്തിൽ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ 17ന് ആരംഭിക്കും.

ആനയടി - കൂടൽ റോഡിൽ പഴകുളം മുതൽ പള്ളിക്കൽ വരെയുള്ള രണ്ടരകിലോമീറ്റർ ഭാഗത്ത് പൈപ്പ് മാറ്റിയിടുന്ന ജോലികൾ 25 ന് മുൻപ് പൂർത്തീകരിക്കും. കൊടുമൺ - പറക്കോട് റോഡിൽ കൊടുമൺ മുതൽ ചിരണിക്കൽ വരെയുള്ള ഭാഗം ടാർ ചെയ്യുന്ന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ചിരണിക്കൽ മുതൽ പറക്കോട് വരെയുള്ള ഭാഗത്തെ പൈപ്പ് മാറ്റിയിടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇ.വി റോഡ്, അടൂർ - മണ്ണടി റോഡ്, ഏഴംകുളം പ്ലാൻഷൻ റോഡ്, ഏഴംകുളം - കൈപ്പട്ടൂർ റോഡ് എന്നിവയുടെ പ്രവൃത്തികൾ തടസം കൂടാതെ നടപ്പാക്കാൻ അധികൃതരെ ചുമതലപ്പെടുത്തി. അടൂർ - തുമ്പമൺ റോഡിൽ അലൈമെൻറ് സ്റ്റോൺ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് നൽകി. കൂടാതെ അടൂർ റിംഗ് റോഡ് പദ്ധതി നടപ്പാക്കുന്നതിനുള്ള സർവേ നടപടികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പന്തളം ബൈപ്പാസിനായി കണ്ടെത്തിയ ചിലഭാഗത്തെ കല്ലുകൾ അപ്രത്യക്ഷമായി. അത് പുന:സ്ഥാപിക്കുന്നതിനുള്ള സർവ്വേയും അടുത്ത ദിവസങ്ങളിൽ നടക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളാണ് പലപ്പോഴും യഥാസമയം പദ്ധതികൾ നടപ്പാക്കാൻ തടസം. ഒപ്പം കരാറുകാരുടെ അനാസ്ഥയും. ഇനി ഒരുവിധത്തിലുമുള്ള അലംഭാവം വച്ചുപൊറിപ്പിക്കില്ലെന്നും സമയബന്ധിതമായി പണികൾ പൂർത്തീകരിക്കുന്നതിന് ശക്തമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നഗരസഭാ ചെയർമാൻ ഡി.സജി, വൈസ് ചെയർപേഴ്സൺ ദിവ്യാ റജിമുഹമ്മദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.