കോന്നി : മുറിഞ്ഞകൽ അതിരുങ്കൽ രാജഗിരി കൂടൽ റോഡിന്റെ നിർമാണ പ്രവർത്തങ്ങൾ നാളെ ഉദ്ഘാടനം ചെയ്യും. അതിരുങ്കൽ ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. യു.ജനീഷ്കുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി .എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സംസാരിക്കും. മുറിഞ്ഞകല്ലിൽ നിന്നും തുടങ്ങി അതിരുങ്കൽ രാജഗിരി വഴി കലഞ്ഞൂർ പാടം റോഡിൽ എത്തിച്ചേരുന്ന 15 കിലോമീറ്റർ ദൂരമുള്ള റോഡ് 15 കോടി രൂപ മുതൽ മുടക്കിലാണ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. അപകടാവസ്ഥയിലുള്ള റോഡിലെ ഇരുതോട് പാലം, കാരയ്ക്കക്കുഴി പാലം തുടങ്ങിയവ പുനർനിർമ്മിക്കും. റോഡിന് വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുകയും ഓട നിർമ്മിക്കുകയും ചെയ്തു. ബി.എം.ബി.സി സാങ്കേതികവിദ്യയിൽ നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. എട്ടു മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല.