ചെങ്ങന്നൂർ : ഗുരുദേവന്റെ വാക്കുകൾ കാലാനുവർത്തിയായ സന്ദേശങ്ങളാണെന്നും വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമുള്ള തത്വ ബോധമാണ് അദ്ദേഹം പകർന്നു നൽകിയതെന്നും ഡോ. എം.എം ബഷീർ പറഞ്ഞു. കുടുംബങ്ങൾ മുതൽ രാഷ്ട്രങ്ങൾ വരെ ഈ തത്വം പാലിക്കപ്പെട്ടാൽ പരസ്പര വിദ്വേഷവും സംഘർഷവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച ഒന്നാമത് പെരിങ്ങാല ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നാം ദിനമായ ഇന്ന് പുലർച്ചെ 5.15 ന് നടതുറപ്പ്, 6ന് ഗുരുപൂജ, വൈകിട്ട് 5ന് നടതുറപ്പ്, 5.30ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 6.15ന് ദീപാരാധന, ദീപക്കാഴ്ച. തുടർന്ന് കൺവെൻഷന്റെ സമാപന ദിനമായ ഇന്ന് വൈകിട്ട് 6.45ന് ജീവിതവിജയത്തിന് ഗുരുദേവ ദർശനം എന്ന വിഷയത്തിൽ ആശാ പ്രദീപ് ഗുരുപ്രഭാഷണം നടത്തും.