13-sbi-1
നിക്ഷേപകർക്കുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കേന്ദ്രമന്ത്രി വി. മുരളീധരൻ നൽകുന്നു

പത്തനംതിട്ട : സഹകരണ മേഖലയിൽ റിസർവ്വ് ബാങ്കിന്റെ മാർഗ നിർദ്ദേശക തത്വങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് ജനസമൂഹത്തിന്റെ ക്ഷേമമാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
പ്രവർത്തനരഹിതമാവുകയും നഷ്ടത്തിലാവുകയും ചെയ്ത അർബൻ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് അഞ്ചുലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗ് പരിപാടിയിൽ അടൂരിലെ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകർക്കുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടീ കോർപ്പറേഷൻ ഡിഐസിജിസിയുടെ ഇടക്കാല ധന സഹായത്തിന്റെ വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ സഹകരണ മേഖലയിൽ റിസർവ്വ് ബാങ്കിന്റെ ചില മാനദണ്ഡങ്ങൾ നടപ്പിലാക്കിയപ്പോൾ ഉടലെടുത്ത ആശങ്ക മുഴുവൻ ദുരീകരിക്കുന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച ഈ ഇൻഷുറൻസ് തുകയുടെ വിതരണമെന്ന് വി. മുരളീധരൻ പറഞ്ഞു. നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവമാണ് അതിനെ വ്യത്യസ്ഥമാക്കി നിറുത്തുന്നതും ജനകീയമാക്കുന്നതും. അർബൻ സഹകരണ ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങളും മാർഗ്ഗ നിർദ്ദേശ തത്വങ്ങളും ഇടപാടുകരെയും നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം കൂടുതൽ പ്രയോജനകരമാവുകയും സുരക്ഷിതത്വം നൽകുകയും ചെയ്യും. ബാങ്ക് ദേശ സാൽക്കരണത്തിന് ശേഷവും, നമ്മുടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജൻധൻ അക്കൗണ്ടുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ തുനിയുന്നത്. അത് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വരെ തുടക്കമിട്ടതായും വി.മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത്, എസ്.എൽ.ബി.സി കേരള കൺവീനർ പ്രേംകുമാർ എന്നിവരും സംബന്ധിച്ചു.