dharna
സി. പി. എം അടൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോററ്റി ഒാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഏരിയാകമ്മിറ്റിയംഗം കെ. ജി. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നഗരത്തിലെ വിവിധ ഇടങ്ങളിൽ ഒരുമാസമായി അനുഭവപ്പെടുന്ന കുടിവെള്ളവിതരണം പ‌രിഹരിക്കാൻ നടപടി വൈകുന്നു. കുടിവെള്ളവിതരണം തടസപ്പെട്ടത് സംബന്ധിച്ച് എൻ. സി. പി സംസ്ഥാന സെക്രട്ടറിയും അടൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം. അലാവുദ്ദീൻ ജലവിഭവ വകുപ്പ്മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രിഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. പക്ഷേ നാല് ദിവസം കഴിഞ്ഞിട്ടും കുടിവെള്ളവിതരണം പുനസ്ഥാപിച്ചില്ല. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അടൂർ വെറ്ററിനറി പോളിക്ളീനിക്കിൽ വെള്ളം ലഭിച്ചിട്ട് മൂന്നാഴ്ച പിന്നിടുന്നു. വാട്ടർ അതോററ്റിയുടെ പൈപ്പ് വെള്ളം മാത്രമാണ് ഇവിടുത്തെ ഏക ആശ്രയം. കൈകഴുകാൻ പോലും വെള്ളമില്ലാത്ത അവസ്ഥകാരണം ആശുപത്രി അടച്ചിടേണ്ടിവരുമെന്ന സ്ഥിതിയാണ്. ഇതുതന്നെയാണ് പല സർക്കാർ സ്ഥാപനങ്ങളിലേയും അവസ്ഥ. നഗരത്തിൽ പുതിയ പൈപ്പ് ലൈൻ മാറ്റിയിടുന്ന ജോലികൾക്കിടയിലാണ് കുടിവെള്ളം വിതരണം തടസപ്പെട്ടത്. ആയിരകണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃത നടപടി. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, പൈപ്പ്ജലത്തെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ തുടങ്ങി സമസ്ത മേഖലയും ഇതോടെ പ്രതിസന്ധിയിലാണ്. എവിടെയാണ് തകരാർ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്കാവുന്നില്ല.

സി.പി.എം പ്രതിഷേധ ധർണ

അടൂർ : നിരന്തരം പരാതി ഉയർത്തിയിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സി. പി. എം അടൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ധർണനടത്തി. സി. പി. എം അടൂർ ഏരിയ കമ്മിറ്റി അംഗം കെ. ജി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ജനാർദ്ദനകുറുപ്പ് അദ്ധ്യക്ഷനായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. എൻ. സുനിൽ ബാബു, കുരുവിള ജോർജ്, അലക്സാണ്ടർ ബേബി, പ്രശാന്ത് മോഹനൻ, ലിജു സ്കറിയ,കൗൺസിലർ എസ്. ഷാജഹാൻ, സുഭാഷ്ബാബു, കമലസനൻ,ബെന്നി,എഡ്വിൻ, അജയകുമാർ എന്നിവർ പ്രസംഗിച്ചു.