vegitable

പത്തനംതിട്ട : വെള്ളപ്പൊക്കത്തിന്റെയും ഡീസൽ വില വർദ്ധനവിന്റെയും മറപിടിച്ച് പച്ചക്കറി വിലയിൽ വീണ്ടും ഗണ്യമായ വർദ്ധനവ്. കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ച് പച്ചമുളക്, സവാള, തക്കാളി , മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്ക് വലിയ വിലയാണ് വിപണിയിൽ ഇൗടാക്കുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായി എത്തുന്നത്. അവിടുത്തെ മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണെന്നാണ് നാട്ടിലെ പ്രചാരണം. എന്നാലിത് വാസ്തവ വിരുദ്ധമാണെന്ന് ചിലമൊത്ത വ്യാപാരികൾ പറയുന്നു. ഇടനിലക്കാരാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലുള്ളതെന്നും ആക്ഷേപമുണ്ട്. വിശേഷദിവസങ്ങൾക്ക് മുന്നോടിയായി അവശ്യസാധനങ്ങളുടെ വിലക്കയറ്റം പതിവാകുന്നതിന് പിന്നിൽ വൻികടക്കാരുടെ കച്ചവടതാത്പര്യങ്ങൾ ഉള്ളതായും ചെറുകിട വ്യാപാരികൾ ആശങ്കപ്പെടുന്നു. വെള്ളപ്പൊക്കവും കൊവിഡും ലോക്ക് ഡൗണും ഇന്ധനവില വർദ്ധനവും കാരണം മുമ്പും പച്ചക്കറിയുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസിന് ഇനിയും പത്ത് നാൾ ശേഷിക്കെയാണ് പച്ചക്കറിയ്ക്ക് വില കൂടുന്നത്. ഹോട്ടൽ വിഭവങ്ങളെയും വിലക്കയറ്റം ബാധിച്ചു. വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പച്ചക്കറി വില വീണ്ടും ഉയരും.

വ്യാപാരികൾ പറയുന്നത്

1.അന്യ സംസ്ഥാനങ്ങളിൽ കൃഷി കുറഞ്ഞു

2.വെള്ളപ്പൊക്കം കൃഷി നശിക്കാൻ കാരണമായി

3.പച്ചക്കറി കൃഷി മാറ്റി നെൽകൃഷി തുടങ്ങി

4.തമിഴ്നാട്ടിലും പച്ചക്കറിയ്ക്ക് വില കൂടുതലാണ്

5.കൊവിഡ് സാഹചര്യത്തിൽ കൃഷി കുറഞ്ഞു

പച്ചക്കറികളും വർദ്ധിച്ച വിലയും

(ഒരു കിലോയ്ക്ക്)

വെള്ളരി : 80

വഴുതനങ്ങ : 55

കാപ്സിക്കം : 55

കാരറ്റ് : 80

ബീറ്റ് റൂട്ട് : 70

കാബേജ് : 90

പച്ചമുളക് : 80

മുരിങ്ങയ്ക്ക : 60

"അമിതവില കൊടുത്ത് പച്ചക്കറി വാങ്ങി പാകംചെയ്യാൻ ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വരും. സാമ്പത്തികമായി തകർച്ചയിലായ സാഹചര്യത്തിലാണ് സാധനങ്ങളുടെ വിലക്കയറ്റം. "

അംബിക ശ്രീനിലയം

(കുടുബശ്രീ കഫേ പന്തളം)

"പച്ചക്കറിക്ക് വില കൂടുന്നത് സാധാരണക്കാരായ കുടുംബത്തിന് താങ്ങാൻ കഴിയില്ല. കിട്ടുന്ന കൂലി മുഴുവൻ പച്ചക്കറി വാങ്ങി തീർക്കാൻ കഴിയില്ല. പാചക വാതകത്തിനടക്കം കഴിഞ്ഞ ദിവസം വില കൂടിയതേയുള്ളു.

ഓമന ഷിബു (വീട്ടമ്മ)