 
പന്തളം : നട്ടെല്ല് വളയുന്ന അപൂർവരോഗം ബാധിച്ച ആറാം ക്ലാസുകാരിക്ക് ആശ്വാസമേകാൻ ആരോഗ്യമന്ത്രി വീണാജോർജ് എത്തി. കുളനട പഞ്ചായത്ത് മാന്തുകയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഇളയകുട്ടിയാണ് രോഗദുരിതത്തിൽ കഴിയുന്നത്. രണ്ടു പെൺകുട്ടികൾ ഉള്ള നിർദ്ധന കുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. രോഗവിവരം അങ്കണവാടി അദ്ധ്യാപിക സ്മിതവിനോദിലൂടെ അറിഞ്ഞ വീണാജോർജ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നേരത്തെ അനുവദിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ശാസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മന്ത്രി കുട്ടിയെ കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കുവാനും എത്തിയത്. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, കുളനട ഗ്രാമ പഞ്ചായത്ത് അംഗം എൽസി ജോസഫ് എന്നിവരുമുണ്ടായിരുന്നു.