പ്രമാടം : പേപ്പട്ടിയുടെ കടിയേറ്റ വളർത്തുമൃഗങ്ങൾ ചത്തത് പ്രമാടത്ത് ആശങ്കയായി​. മൂന്നാഴ്ച മുമ്പ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. പ്രമാടം താഴേക്കിടങ്ങിൽ വിജയമ്മയുടെ കറവപ്പശു, കിടാവ്, പ്ളാവിളിയിൽ സന്തോഷിന്റെ പശു, മേപ്പുറത്ത് രാജേഷിന്റെ വീട്ടിലെ വളർത്തുനായ എന്നിവയാണ് കഴിഞ്ഞ ദിവസം ചത്തത്. നിരവധി വളർത്തുമൃഗങ്ങൾ അവശനിലയിൽ നിരീക്ഷണത്തിലുമുണ്ട്. പ്രമാടം, മറൂർ, പൂങ്കാവ് ഭാഗങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. മനുഷ്യർക്കും വളർത്തു

മൃഗങ്ങൾക്കും നിരവധി തെരിവുനായകൾക്കും കടി​യേറ്റിരുന്നു. വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതി​ന് ശേഷം നിരീക്ഷണം പൂർത്തീകരിച്ചുവരുന്നതിനിടെയാണ് പല മൃഗങ്ങളും ചത്തത്.

ക്ഷീരകർഷകർ ആശങ്കയിൽ

പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും വളർത്തുമൃഗങ്ങൾ പേവിഷബാധയേറ്റ് ചാകാൻ തുടങ്ങിയതോടെ ക്ഷീരകർഷകരും ജനങ്ങളും ആശങ്കയിലാണ്. ചത്തതും നിരീക്ഷണത്തിലുള്ളതുമായ വളർത്തുമൃഗങ്ങളെ പരിചരിച്ച കർഷകർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല. മൃഗങ്ങൾക്ക് മാത്രമാണ് വാക്സിൻ നൽകിയിരുന്നത്. വളർത്തുമൃഗങ്ങൾ ചാകാൻ തുടങ്ങിയതോടെ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ശേഷം ഇവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചത്തതും നിരീക്ഷണത്തിലുള്ളതുമായ ചിലപശുക്കളുടെ പാൽ കഴിഞ്ഞ ദിവസങ്ങളിൽ വരെ മിൽമയിലും വീടുകളിലും വിതരണം ചെയ്തിരുന്നു. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം പാൽ തി​ളപ്പി​ച്ചശേഷം ഉപയോഗിക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.