eb
സുരക്ഷാ ഇടനാഴിയിലെ ഫുഡ്പാത്തിൽ അപകടഭീഷണി ഉയർത്തി നിന്നിരുന്ന ഫ്യൂസ് കാരിയറുകൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ മാറ്റിസ്ഥാപിക്കുന്നു

ചെങ്ങന്നൂർ: സുരക്ഷാ ഇടനാഴിയിൽ അപകടക്കെണിയായി നിന്ന ഫ്യൂസ് കാരിയറുകൾ വൈദ്യുതി വകുപ്പ് മാറ്റിസ്ഥാപിച്ചു. അപകടരഹിത സുരക്ഷാ ഇടനാഴി നിർമ്മിച്ചെങ്കിലും കൈയ്യെത്തും ദുരത്തെ അപകടക്കെണി മാറ്റാതിരുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വൈദ്യുതി ബോർഡ് അടിയന്തര നടപടി സ്വീകരിച്ചത്. ' 'ട്രാൻസ് ഫോർമറിന് സുരക്ഷയില്ല ഷോക്കടിക്കും ഉറപ്പ് ' എന്ന തലക്കെട്ടിൽ കഴിഞ്ഞ 13നാണ് കേരളകൗമുദി വാർത്ത നൽകിയത്. എം.സി റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുരക്ഷാ ഇടനാഴി നിർമ്മാണത്തിന്റെ ഭാഗമായാണ്
നടപ്പാത നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായതോടെ നടപ്പാതയുടെ ഉയരം കൂടി,
ട്രാൻസ്‌ഫോർമർ കാൽനടയാത്രക്കാരുടെ കൈയകലത്തിലായി. രണ്ടര മീറ്റർ മാത്രം
ഉയരത്തിലാണ് ട്രാൻസ്‌ഫോർമറിന്റെ കേബിളുകളും ഫ്യൂസ് കാരിയറുകളും ഉണ്ടായിരുന്നത്.
നടപ്പാതയിലൂടെ എത്തുന്നവർ അറിയാതെ കൈവീശിയാലോ എതിരേ എത്തുന്നവർക്കു
കടന്നുപോകാനായി അൽപം ഒതുങ്ങിയാലോ കേബിളിലും ഫ്യൂസ് കാരിയറിലും കൈ തട്ടും
എന്ന നിലയിലായിരുന്നു. മഴക്കാലത്ത് കുട ചൂടി നടക്കുന്നവരും
അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയായിരുന്നു. ഇത് സംബന്ധിച്ച് വാർഡ് കൗൺസിലർ കെ.ഷിബുരാജൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
ട്രാൻസ്‌ഫോർമർ സുരക്ഷിതമാക്കാൻ സ്ഥലസൗകര്യം കുറവായതിനാൽ നിലവിലെ ഫ്യൂസ് കാരിയറുകൾ പിന്നിലേക്ക് മാറ്റി സ്ഥാപിച്ചാണ് അപകടരഹിതമാക്കിയത്. ട്രാൻസ് ഫോർമറിന് ചുറ്റും വേലിയിട്ട് തിരിക്കുമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.