
പന്തളം : നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു. മഞ്ഞിനിക്കര കുഴിത്തറ പുത്തൻവീട്ടിൽ ജോസ് കെ. ശാമുവലിന്റെ മകൻ ജിജോ ജോസ് (32)യാണ് മരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം ഭാര്യ റിൻസിയുടെ തുമ്പമൺ മാമ്പിലാലി തെങ്ങുവിളയിൽ വീട്ടിൽ വന്നതാണ്. അവിടെ നിന്ന് ബന്ധുക്കളോടൊപ്പം ബൈക്കിൽ ഞായറാഴ്ച വൈകിട്ട് നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ക്രിസ്മസ് കരോളിൽ പങ്കെടുക്കാൻ പോയ ശേഷം തനിയെ ബൈക്കിൽ രാത്രി 11 ഓടെ മടങ്ങിവരുമ്പോഴാണ് തുമ്പമൺ കിഴക്ക് ഇന്ദിരാ ജംഗ്ഷൻ മാമ്പിലാലി റോഡരികിലെ 35 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണത് . പത്തനംതിട്ട ഫയർഫോഴസിന്റെ സ്‌കൂബാ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. അടുത്ത മാസം മടങ്ങിപ്പോകാനിരുന്നതാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാഹം.