കളക്ടർക്ക് പരാതി, തൊഴിലാളികളെ ചെയർപേഴ്‌സൺ തടഞ്ഞെന്ന്

ചെങ്ങന്നൂർ: വഴിവിളക്കുകൾ തെളിയുന്നില്ലെന്നു കാട്ടി കളക്ടർക്ക് നൽകിയ പരാതിയിൽ നടപടികൾക്കുള്ള ശ്രമം തർക്കത്തിൽ. ജോലികൾ നഗരസഭാദ്ധ്യക്ഷ നേരിട്ടെത്തി തടഞ്ഞതായി സെക്രട്ടറിയും പരാതിക്കാരനും ആരോപിച്ചു. എന്നാൽ തിങ്കളാഴ്ച പണികൾ ചെയ്യാനിരിക്കെ സെക്രട്ടറി രാഷ്ട്രീയപരമായി അപമാനിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പണികൾ തടഞ്ഞിട്ടില്ലെന്നും നഗരസഭാദ്ധ്യക്ഷ വ്യക്തമാക്കി. റോഡിലെ വഴിവിളക്കുകൾ രണ്ടു മാസമായി പ്രകാശിക്കുന്നില്ലെന്നു കാട്ടി ചെങ്ങന്നൂർ നഗരസഭ 27ാം വാർഡിലെ (വലിയപ്പള്ളി) കെ.എം മാമ്മൻ (72) ആണ് കളക്ടർക്കു പരാതി നൽകിയത്. മുതിർന്ന പൗരനായ മാമ്മൻ പരാതിയുടെ ഒരു കോപ്പി നഗരസഭ സെക്രട്ടറിക്കും നൽകിയിരുന്നു. കളക്ടർക്ക് നൽകിയ പരാതിയിന്മേൽ ഒരു എൽ.ഇ.ഡി ബൾബ് അടുത്ത ദിവസം തന്നെ പ്രദേശത്തു കെ.എസ്.ഇ.ബി ഇട്ടുകൊടുത്തു. കേടായ നാലു ബൾബുകൾ സെക്രട്ടറിയുടെ നിർദേശപ്രകാരം മാറ്റിയിടാൻ തൊഴിലാളികൾ ഞായറാഴ്ച സ്ഥലത്തെത്തി. തുടർന്നാണ് വാർഡംഗം കൂടിയായ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് തൊഴിലാളികളെ തടഞ്ഞത്. തുടർന്നു ജോലി പൂർത്തിയാകാതെ തൊഴിലാളികൾ മടങ്ങി.

------------------------

ഒക്ടോബർ മുതൽ ബൾബുകൾ കത്തുന്നില്ല. നാലു തവണ നഗരസഭാദ്ധ്യക്ഷ കൂടിയായ വാർഡംഗത്തെ വിവരം ധരിപ്പിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീടാണ് കളക്ടർക്ക് പരാതി നൽകിയത്. തൊട്ടടുത്ത ദിവസം എൽ.ഇ.ഡി ലൈറ്റ് ശരിയാക്കി. നാലു ബൾബുകൾ കൂടി മാറാനുണ്ട്. അതു ശരിയാക്കാൻ ഞായറാഴ്ച കരാർ തൊഴിലാളികളെത്തിയപ്പോൾ അദ്ധ്യക്ഷ ഇവരെ തടഞ്ഞു. വീണ്ടും സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്തു വെളിച്ചമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ്.


കെ.എം. മാമ്മൻ
കോട്ടൂരേത്ത്

---------------------------

രണ്ടു മാസമായി വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയം വേഗം പരിഹരിക്കാനായി പണംമുടക്കി ബൾബുകളുമായി കരാർ തൊഴിലാളികളെ പ്രദേശത്തേക്കുവിട്ടു. ഇതാണ് ചെയർപേഴ്സൺ തടഞ്ഞത്.

സ്റ്റാലിൻ നാരായണൻ (നഗരസഭാസെക്രട്ടറി)

-----------------------

രാഷ്ട്രീയപരമായി അപമാനിക്കാനുള്ള ശ്രമങ്ങളാണ് സെക്രട്ടറി നടത്തുന്നത്. നിലവിൽ നഗരസഭയിൽ വഴിവിളക്കുകളുടെ കരാർ രണ്ടു പേർക്കാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞാഴ്ച തന്നെ മുഴുവൻ വാർഡുകളിലെയും 95 ശതമാനം വഴിവിളക്കുകളുടെയും അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിരുന്നു. 27-ാം വാർഡിൽ ഈ നാലു ബൾബുകൾ മാറാൻ നേരത്തെ കരാറെടുത്തിരുന്ന വ്യക്തി തിങ്കളാഴ്ചയെത്താനിരിക്കെയാണ് മറ്റൊരു കരാറുകാരനെക്കൊണ്ടു സെക്രട്ടറി ഞായറാഴ്ച പണികൾ നടത്താനൊരുങ്ങിയത്. നേരത്തെ ചെയ്തിരുന്ന കരാറുകാരൻ തന്നെ ബൾബുകൾ മാറ്റാത്തപക്ഷം വാറന്റി പോലും കിട്ടുകയില്ല. തിങ്കളാഴ്ച തന്നെ പ്രശ്‌നം പരിഹരിച്ചു പുതിയ ബൾബുകളിട്ടു. ഇത് തൊഴിലാളികളോടു നേരിട്ടു പറയുക മാത്രമാണ് ചെയ്തത്. പണി തടഞ്ഞിട്ടില്ല,

മറിയാമ്മ ജോൺ ഫിലിപ്പ് (ചെയർപേഴ്‌സൺ)