
അടൂർ : വെള്ളക്കുളങ്ങര ശ്രീനാരായണപുരം റോഡിൽ പ്ലാത്തറപ്പടി ഭാഗത്ത് കെ.ഐ.പി. വലതുകര മെയിൻ കനാലിലേക്ക് കക്കൂസ് മാലിന്യങ്ങൾ തള്ളി. തിങ്കളാഴ്ച പുലർച്ചെ ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയത്. സമീപവാസിയുടെ വീട്ടിലെ കാമറയിൽ ടാങ്കറിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കനാൽ പാലത്തിൽ ടാങ്കർ നിറുത്തി പൈപ്പിലൂടെ മാലിന്യം കനാലിലേക്ക് ഒഴുക്കുകയായിരുന്നു. കനാൽ വെള്ളം മലിനമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കടുത്ത ദുർഗന്ധവും ഇവിടെ നിന്നുയരുന്നുണ്ട്. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്ബ് സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.