തിരുവല്ല: ഇന്ന് തുടങ്ങുന്ന സി.പി.എം തിരുവല്ല ഏരിയാ സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക മന്ത്രി മുഹമ്മദ് റിയാസ്, പെരിങ്ങരയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ വീട്ടിലെത്തി ഭാര്യ സുനിത, പിതാവ് ബാലൻ, മാതാവ് ഓമന എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് ഇളമണ്ണിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പതാക ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ സ്വീകരിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 9.30ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.അനന്തഗോപൻ, ആർ.ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പത്മകുമാർ, രാജു ഏബ്രഹാം, ടി.കെ.ജി നായർ, പി.ജെ അജയകുമാർ, ടി.ഡി.ബൈജു, അഡ്വ.ഓമല്ലൂർ ശങ്കരൻ, പി.ബി ഹർഷകുമാർ, സ്വാഗതസംഘം ചെയർമാൻ അഡ്വ.ജെനു മാത്യു, ജനറൽ കൺവീനർ അഡ്വ.രവി പ്രസാദ് എന്നിവർ പ്രസംഗിക്കും. നാളെ പൊതുചർച്ചകൾക്ക് സെക്രട്ടറി മറുപടി പറയും. തുടർന്ന് പുതിയ കമ്മറ്റിയേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും