ശബരിമല: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ജനുവരി 11 ന് നടക്കും.14 നാണ് മകരവിളക്ക് .മണ്ഡല പൂജകഴിഞ്ഞ് 26 ന് രാത്രി 10 ന് നട അടയ്ക്കും സന്നിധാനത്തെ ആഴിയും അണയും. വീണ്ടും നടതുറക്കുന്നത് 30 നാണ്. പന്തളം കൊട്ടാരത്തിൽ നിന്ന്‌കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തിയാണ് മകരവിളക്കിന് ദീപാരാധന നടത്തുക. എരുമേലി പേട്ടതുള്ളലിന് പാണനിലയും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നിസ്വാമിമാർ ശരക്കോലും കച്ചയും കെട്ടി മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കൽപ്പത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തോളിലേറ്റി ആനന്ദ നൃത്തം ചവിട്ടുന്നത് ഭക്തിയുടെ നേർകാഴ്ചയാണ്. അയ്യപ്പന്റെ തിടമ്പിനുമുന്നിൽ പേട്ട പണം നിക്ഷേപിച്ച് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് തയാറെടുക്കും. ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുന്നതോടെ പേട്ട ധർ

മ്മശാസ്താ ക്ഷേത്രത്തിൽനിന്ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിക്കും. വാവർ പള്ളിയിലേക്കെത്തുന്ന സംഘത്തിന് സ്വീകരണം നൽകും. തുടർന്ന് വാവരുടെ പ്രതിനിധിയുമായി ശ്രീധർമ്മശാസ്താ ക്ഷേത്ത്രിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ട അവസാനിക്കും. പകൽവെളിച്ചത്തിൽ ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ആലങ്ങാട്ട് സംഘം പേട്ടതുള്ളൽ ആരംഭിക്കും. പേട്ട ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് (കൊച്ചമ്പലം) ആരംഭിച്ച് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ (വലിയമ്പലം) പ്രവേശിക്കുന്നതോടെ പേട്ടക്ക് സമാപനമാകും.പന്തളത്തു നിന്ന് 12 ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര അന്ന് രാത്രി അയിരൂർ പുതിയകാവ് ദേവിക്ഷേത്രത്തിലും, 13 ന് ളാഹ ഫോറസ്റ്റ് സ്റ്റേഷൻ സത്രത്തിലും ക്യാമ്പ് ചെയ്ത് 14 ന് വൈകിട്ട് സന്നിധാനത്തെത്തും.